ദുള്‍ ദില്ലിക്കായി ഇത്തവണ രഞ്ജി ട്രോഫിയിലും അരങ്ങേറിയിരുന്നു. അരങ്ങേറ്റത്തില്‍ താരം രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. രഞ്ജിയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതുണ്ട് താരം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് താരം നേടിയത്.
ദില്ലി: ഇന്ത്യക്ക് ഇത്തവണ അണ്ടര്‍ 19 (U19 World Cup) ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് യഷ് ദുള്‍ (Yash Dhull). ഇന്ത്യയുടെ അഞ്ചാമത്തെ കിരീടമായിരുന്നത്. മുഹമ്മദ് കൈഫ്, വിരാട് കോലി (Virat Kohli), ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ എന്നിവരാണ് ഇന്ത്യക്ക് അണ്ടര്‍ 19 കിരീടം സമ്മാനിച്ച ക്യാപ്റ്റന്മാര്‍. ദുള്‍ ദില്ലിക്കായി ഇത്തവണ രഞ്ജി ട്രോഫിയിലും അരങ്ങേറിയിരുന്നു. അരങ്ങേറ്റത്തില്‍ താരം രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. രഞ്ജിയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതുണ്ട് താരം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് താരം നേടിയത്.
ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് താരത്തെ സ്വന്തമാക്കിയിരുന്നു. ഇതിനിടെ ഐപിഎല്‍ മോഹങ്ങളെ കുറിച്ചും സീനിയര്‍ ടീമില്‍ കളിക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ദുള്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറക്കുന്നത്. വിരാട് കോലിയെ കുറിച്ചെല്ലാം ദുള്‍ സംസാരിക്കുന്നുണ്ട്.
ദുളിന്റെ വാക്കുകള്‍... ''വിരാട് കൊലിക്കൊപ്പം സമയം ചെലവഴിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്റെ പ്രചോദനം അദ്ദേഹമാണ്. കടുത്ത സമ്മര്‍ദ്ദമുള്ള മത്സരങ്ങള്‍ എങ്ങനെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കണം. ക്യാപ്റ്റനായിരുന്നപ്പോള്‍ കോലി ഇന്ത്യന്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോയ രീതിയിലാണ് ഞാന്‍ അണ്ടര്‍ 19 ലോകകപ്പിലും നയിച്ചത്.'' ദുള്‍ വ്യക്തമാക്കി.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തെ കുറിച്ചും താരം സംസാരിച്ചു. ''ക്രിക്കറ്റ് ബോളിന്റെ നിറം എന്നെ ബാധിക്കുന്ന ഒന്നല്ല. എന്റെ ശൈലിയില്‍ ഞാന്‍ ബാറ്റ് വീശും. ഏത് ഫോര്‍മാറ്റിലും ഇതുപോലെ കളിക്കാനാണ് എനിക്ക് താല്‍പര്യം. അരങ്ങേറ്റത്തില്‍ സമ്മര്‍ദമില്ലാതെയാണ് ഞാന്‍ കളിച്ചത്. സീനിയര്‍ ടീമിന് വേണ്ടി കളിക്കുകയാണ് എന്റെ ആഗ്രഹം. മൂന്ന് ഫോര്‍മാറ്റിന്റേയും ഭാഗമാവണം.'' ദുള്‍ കൂട്ടിചേര്‍ത്തു.
ഐപിഎല്ലിനെ കുറിച്ചും ദുള്‍ സംസാരിച്ചു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 50 ലക്ഷത്തിലാണ് താരത്തെ സ്വന്തമാക്കിയത്. ''ഐപിഎല്ലില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്നത് ഭാഗ്യമായി കരുതുന്നു. കാരണം എന്റെ നാടായ ഡല്‍ഹിയില്‍ നിന്നുള്ള ഫ്രാഞ്ചൈസിയാണത്. ടീം ക്യാപ്റ്റന്‍ റിഷഭ് പന്ത് എനിക്ക് പ്രചോദനമാണ്. ഗ്രൗണ്ടില്‍ എപ്പോഴും ഊര്‍ജസ്വലനാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്.'' ദുള്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 26നാണ് ഐപില്‍ ആരംഭിക്കുന്നത്. ഓപ്പണിംഗ് സ്ലോട്ടില്‍ അദ്ദേഹത്തിന് ഇടമുണ്ടാവുമെന്ന് ഉറപ്പില്ല. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ എന്നിവരെല്ലാം അടങ്ങുന്ന ടീമാണ് ഡല്‍ഹി.
