ടെസ്റ്റ് കരിയറിലെ 12 ഇന്നിങ്സുകളിൽ നിന്നായി 20.09 ശരാശരിയിൽ 221 റൺസാണ് ഭരത് നേടിയത്. വിക്കറ്റിന് പിന്നിൽ 18 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും ഭരത് സ്വന്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കെ.എസ് ഭരത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 32-കാരനായ ആന്ധ്രാ സ്വദേശി തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഭരത് പാഡണിഞ്ഞിട്ടുണ്ട്. 2023-ൽ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാഗ്പൂരിലായിരുന്നു ഭരതിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. 2024 ഫെബ്രുവരിയിൽ വിശാഖപട്ടണത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ടെസ്റ്റ് കരിയറിലെ 12 ഇന്നിങ്സുകളിൽ നിന്നായി 20.09 ശരാശരിയിൽ 221 റൺസാണ് ഭരത് നേടിയത്. വിക്കറ്റിന് പിന്നിൽ 18 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും ഭരത് സ്വന്തമാക്കിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. തന്‍റെ കരിയറിലെ ഉയർച്ചതാഴ്ചകളിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഭരത് വിരമിക്കൽ കുറിപ്പ് പങ്കുവെച്ചത്.
വളരെ അഭിമാനത്തോടെയും അതിലേറെ കൃതജ്ഞതയോടെയും ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഏറെ കഠിനാധ്വാനവും മാനസിക കരുത്തും ആവശ്യപ്പെട്ട ഒരു യാത്രയായിരുന്നു ഇത്. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞത് ആ കഷ്ടപ്പാടുകൾക്കെല്ലാമുള്ള പ്രതിഫലമായിരുന്നു-ഭരത് കുറിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒരേ സ്വപ്നവുമായി തനിക്കൊപ്പം സഞ്ചരിച്ച മാതാപിതാക്കൾക്കും സഹോദരിക്കും ഭരത് നന്ദി പറഞ്ഞു. തന്‍റെ കരിയർ രൂപപ്പെടുത്തിയതിൽ ബിസിസിഐ, ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ, കോച്ചുമാർ, സഹതാരങ്ങൾ, ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവർക്കുള്ള പങ്കും അദ്ദേഹം സ്മരിച്ചു. കരിയറിനെ സ്വാധീനിച്ച ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖർക്ക് ഭരത് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഐപിഎല്ലിൽ ആർസിബിക്കായി അരങ്ങേറാൻ അവസരം നൽകുകയും തന്‍റെ കഴിവ് തെളിയിക്കാൻ വഴിതുറക്കുകയും ചെയ്ത മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഭരത് പ്രത്യേകം നന്ദി പറഞ്ഞു.
തന്‍റെ സ്വപ്നമായിരുന്ന ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഭരത് കടപ്പാട് അറിയിച്ചു. ഇന്ത്യ 'എ' ടീം മുതൽ ദേശീയ ടീം വരെ തന്നെ കൃത്യമായി തന്നെ നയിച്ച മുൻ ഇന്ത്യൻ പരിശീലകന്‍ രാഹുൽ ദ്രാവിഡ് നല്‍കിയ മാർഗ്ഗനിർദ്ദേശങ്ങൾ മറക്കാനാവാത്തതാണെന്ന് ഭരത് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് മൈതാനങ്ങളുമായി തനിക്കുള്ള ബന്ധം അവസാനിക്കുന്നില്ലെന്ന് ഭരത് കൂട്ടിച്ചേർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 113 മത്സരങ്ങളിൽ നിന്നായി 11 സെഞ്ച്വറികളോടെ 6,102 റൺസ് നേടിയിട്ടുള്ള താരം ആഭ്യന്തര തലത്തിലും മെന്‍ററിംഗ് രംഗത്തും സജീവമായി തുടരും.
ബിസിസിഐയുമായും ടെസ്റ്റ് ക്രിക്കറ്റുമായുമുള്ള എന്‍റെ അധ്യായം ഇവിടെ അവസാനിക്കുകയാണ്. എന്നാൽ ക്രിക്കറ്റുമായുള്ള ബന്ധം തുടരും. ഇനിയും ഞാൻ കളിക്കും. വരുംതലമുറയിലെ യുവതാരങ്ങളെ വളർത്തിയെടുക്കാനും അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശവും കോച്ചിംഗും നൽകാനും ഞാൻ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ഞാൻ ഇന്ത്യയെയും ക്രിക്കറ്റിനെയും അത്രമേൽ സ്നേഹിക്കുന്നു. എല്ലാത്തിനും നന്ദി-ഭരത് വ്യക്തമാക്കി.
