ട്വിറ്ററിലൂടെയാണ് പന്ത് തന്റെ ഇപ്പോഴത്തെ സാഹചര്യം പങ്കുവച്ചത്. അപകടത്തിന് ശേഷമുള്ള പന്തിന്റെ ആദ്യ ട്വീറ്റായിരുന്നു അത്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി പറയാന്‍ പന്ത് മറന്നില്ല. 

മുംബൈ: കാറപകടത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പന്ത് തന്റെ ഇപ്പോഴത്തെ സാഹചര്യം പങ്കുവച്ചത്. അപകടത്തിന് ശേഷമുള്ള പന്തിന്റെ ആദ്യ ട്വീറ്റായിരുന്നു അത്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി പറയാന്‍ പന്ത് മറന്നില്ല. 

അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം... ''നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടവനായിരിക്കും. എന്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ വിവരം ഞാന്‍ നിങ്ങളെ അറിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാന്‍ ഞാന്‍ തയ്യാറാണ്.'' ഇത്രയുമാണ് പന്ത് കുറിച്ചിട്ടത്. കൂടാതെ ബിസിസിഐക്കും സെക്രട്ടറി ജയ് ഷാ, സര്‍ക്കാര്‍ അധികാരികള്‍ക്കും പന്ത് നന്ദി അറിയിച്ചിട്ടുണ്ട്.

Scroll to load tweet…

പിന്നാലെ മറ്റൊരു ട്വീറ്റും കൂടി പങ്കുവച്ചിരിക്കുകയാണ് പന്ത്. തന്നെ ആശുപത്രിയില്‍ എത്തിച്ചവരെ ഓര്‍ത്തെടുത്താണ് പന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിങ്ങനെ... ''എല്ലാവരോടും വ്യക്തിപരമായി നന്ദി പറയാന്‍ എനിക്കിപ്പോള്‍ കഴിയില്ല. എന്നാല്‍ ഈ രണ്ട് ഹീറോകളെ പറയാതെ പോകുന്നത് ശരിയല്ല. രജത് കുമാറും നിഷു കുമാറും. ഇവരാണ് അപകടസമയത്ത് എന്നെ സഹായിച്ചത്. ആശുപത്രിയില്‍ എത്തിക്കാനും അവരാണ് കൂടെയുണ്ടായിരുന്നത്. നന്ദി. ഞാന്‍ ജീവിതകാലം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും.'' പന്ത് കുറിച്ചിട്ടു.

Scroll to load tweet…

പന്തിന് ഏകദിന ലോകകപ്പ് നഷ്ടമാകുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുക പന്തിന് വളരെ പ്രയാസമായിരിക്കുമെന്ന് ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു. ''എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് പന്തിന് തിരിച്ചുവരാനാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചുള്ള സൂചനകള്‍ അത്ര നല്ലതല്ല. കുറഞ്ഞത് 8-9 മാസം അദേഹത്തിന് നഷ്ടമാകും. ലോകകപ്പിലും കളിക്കാനായേക്കില്ല. അടുത്ത സര്‍ജറി എങ്ങനെയിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.'' ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി. 

ഐപിഎല്‍ 2023, സെപ്റ്റംബറിലെ ഏഷ്യാ കപ്പ്, ഒക്ടോബറിലെ ഏകദിന ലോകകപ്പ് എന്നിവ റിഷഭിന് നഷ്ടമാകും. ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരിക്കേല്‍ക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പന്തിനെ ചികിത്സിക്കുന്നത്.