മൂന്നാം നമ്പറിലിറങ്ങുന്ന ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും മങ്ങിയ ഫോം ഇന്ത്യക്ക് തലവേദനയാകുന്നത്.
മുള്ളൻപൂര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരം നാളെ മുള്ളൻപൂരില്‍ നടക്കും. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ 101 റണ്‍സിന്‍റെ കൂറ്റൻ ജയം നേടിയെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.
മൂന്നാം നമ്പറിലിറങ്ങുന്ന ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും മങ്ങിയ ഫോം ഇന്ത്യക്ക് തലവേദനയാകുന്നത്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗില്‍ നാലു റണ്‍സും സൂര്യകുമാര്‍ 12 റണ്‍സുമെടുത്ത് പുറത്തായിരുന്നു. ഏഷ്യാ കപ്പ് മുതല്‍ സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്.
ആദ്യ മത്സരത്തില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണര്‍ സ്ഥാനത്ത് മൂന്ന് സെഞ്ചുറികളുള്ള സഞ്ജു സാംസണെ ഗില്ലിന് പകരം കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നാളത്തെ മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത വളരെ കുറവാണ്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഗില്ലിന് ഓപ്പണര്‍ സ്ഥാനത്ത് സ്ഥാനം ഉറപ്പിക്കാന്‍ വീണ്ടും അവസരം നല്‍കാനാണ് എല്ലാ സാധ്യതയും.
ബാറ്റിംഗ് നിരയില്‍ മാത്രമല്ല, ബൗളിംഗ് നിരയിലും കാര്യമായ അഴിച്ചുപണി ഉണ്ടാകാനിടയില്ല. കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യം ഉരുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ ബൗളര്‍മാരെല്ലാം മികവ് കാട്ടിയതിനാല്‍ അതിന് തീരെ സാധ്യത കുറവാണ്. എട്ടാം നമ്പര്‍ വരെ ബാറ്റിംഗ് ഉറപ്പാക്കുക എന്നതാണ് ടീം കോംബിനേഷനില്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് പുലര്‍ത്തുന്ന സമീപനം. ഈ സാഹചര്യത്തില്‍ അര്‍ഷ്ദീപും കുല്‍ദീപ് യാദവും ഒരേസമം പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.
ഐപിഎല്‍ മത്സരങ്ങള്‍ക്കും ഏകദിന മത്സരങ്ങള്‍ക്കും വേദിയായിട്ടുണ്ടെങ്കിലും മുള്ളൻപൂര്‍ ആദ്യമായാണ് രാജ്യാന്തര ടി20 മത്സരത്തിന് വേദിയാവുന്നത്. മത്സരത്തോട് അനുബന്ധിച്ച് സ്റ്റേഡിയത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെയും യുവരാജ് സിംഗിന്‍റെയും പേരിലുള്ള സ്റ്റാൻഡുകളും നാളെ അനാവരണം ചെയ്യും.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.


