മുംബൈ:കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ഉപേക്ഷിച്ചു. പരമ്പരയുമായി മുന്നോട്ടു പോവാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് ബിസിസിഐ വ്യക്തമാക്കി. ജൂണിലും ജൂലൈയിലുമായി ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20യുമായിരുന്നു ഇന്ത്യ കളിക്കേണ്ടിയിരുന്നത്.

മത്സരത്തിന്റെ തീയതികള്‍ തീരുമാനിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ പരമ്പരയുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇക്കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ പരമ്പര നടത്താവുന്നതാണെന്നും ധുമാല്‍ പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം പോലും പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ പരമ്പര ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഇന്ത്യയില്‍ ഇതുവരെ 8000ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്താണ്.

അതേസമയം, ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന് ശ്രീലങ്ക വേദിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. ഏഷ്യ കപ്പിന് ആതിഥ്യം വഹിക്കാന്‍ തയാറാണെന്ന ശ്രീലങ്കയുടെ നിര്‍ദേശത്തെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.