ഹർഷിത് റാണയ്ക്ക് പുറമെ മറ്റ് ചില പ്രധാന താരങ്ങളും ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വാരിയെല്ലിന് പരിക്കേറ്റ സുന്ദർ ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

മുംബൈ: ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് വീണ്ടും പരിക്കിന്‍റെ ആശങ്ക. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നതിനിടെ പേസര്‍ ഹർഷിത് റാണയ്ക്കാണ് പരിക്കേറ്റത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ വെറും ഒരു ഓവർ മാത്രം എറിഞ്ഞ റാണ, കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ ഓവറിനിടയിൽ രണ്ട് തവണ റണ്ണപ്പിനായി ശ്രമിച്ചെങ്കിലും വേദന കാരണം ഹര്‍ഷിത് റണ്ണപ്പ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയിരുന്. ആ ഓവറിൽ 16 റൺസാണ് താരം വിട്ടുകൊടുത്തത്. പിന്നീട് മുട്ടിൽ പിടിച്ചു കൊണ്ട് മുടന്തിയാണ് റാണ കളം വിട്ടത്. ഹര്‍ഷിതിന്‍റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, ആദ്യ മത്സരങ്ങളിൽ റാണ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ബാറ്റിംഗിലും തിളങ്ങാൻ ശേഷിയുള്ള റാണയുടെ അഭാവം ഇന്ത്യയുടെ ടീം ബാലൻസിനെ ബാധിച്ചേക്കാം.

ഹർഷിത് റാണയ്ക്ക് പുറമെ മറ്റ് ചില പ്രധാന താരങ്ങളും ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വാരിയെല്ലിന് പരിക്കേറ്റ സുന്ദർ ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. സുന്ദര്‍ ലോകകപ്പിന് മുമ്പ് കായികക്ഷമത വീണ്ടടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് വർമ്മ ബാറ്റിംഗ് നിരയില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. സന്നാഹ മത്സരത്തിൽ 19 പന്തിൽ 45 റൺസുമായി തിലക് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 30 റൺസിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. ഇഷാൻ കിഷൻ (20 പന്തിൽ 53), തിലക് വർമ്മ (19 പന്തിൽ 45), അഭിഷേക് ശർമ്മ (18 പന്തിൽ 24) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യക്കായി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെ നേടാനായുള്ളു. മത്സരത്തില്‍ റിങ്കു സിംഗും അഭിഷേക് ശര്‍മയും അടക്കം ഒമ്പത് ബൗളർമാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. ജസ്പ്രീത് ബുമ്രയും മലയാളി താരം സഞ്ജു സാംസണും സന്നാഹ മത്സരത്തില്‍ കളിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക