27,000 പേര്‍ക്ക് ഇരിക്കാനാവുന്ന ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ 2006 മുതല്‍ ഇതുവരെ എട്ട് രാജ്യാന്തര മത്സരങ്ങളാണ് നടന്നത്

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീം ഇന്ത്യക്ക് അത് അഭിമാനപോരാട്ടം. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ പരാജയം രുചിച്ചിട്ടില്ല എന്ന അഭിമാന നേട്ടം കാത്തുസൂക്ഷിക്കേണ്ടതുണ്ട് കോലിപ്പടയ്‌ക്ക്. 

27,000 പേര്‍ക്ക് ഇരിക്കാനാവുന്ന ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ 2006 മുതല്‍ ഇതുവരെ എട്ട് രാജ്യാന്തര മത്സരങ്ങളാണ് നടന്നത്. രണ്ട് ടെസ്റ്റുകള്‍ക്കും അഞ്ച് ഏകദിനങ്ങള്‍ക്കും ഒരു ടി20ക്കും ഹോള്‍ക്കര്‍ വേദിയായപ്പോള്‍ ഒന്നില്‍ പോലും ടീം ഇന്ത്യ പരാജയപ്പെട്ടില്ല. ഇവിടെ നടന്ന ഏക ടി20യും ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു. അന്ന് ഇന്ത്യ 88 റണ്‍സ് ജയവുമായി സന്ദര്‍ശകരെ തുരത്തിയോടിച്ചു.

ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരകളിലും ഇന്ത്യക്ക് അഭിമാന നേട്ടങ്ങളുടെ ചരിത്രമാണുള്ളത്. ഇന്ത്യയും ശ്രീലങ്കയും ടി20യില്‍ ആറ് പരമ്പരകളിലാണ് ഇതുവരെ ഏറ്റുമുട്ടിയത്. ഇന്ത്യ അഞ്ച് പരമ്പര വിജയിച്ചപ്പോള്‍ ഒരുതവണ ലങ്ക സമനിലപിടിച്ചു. ആകെ 17 മത്സരങ്ങളില്‍ 11 എണ്ണത്തില്‍ ഇന്ത്യക്ക് വിജയിക്കാനായി.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചിരുന്നു. പരിക്ക് ഭേദമായി തിരിച്ചുവരുന്ന ജസ്‌പ്രീത് ബുമ്രയും ലോകകപ്പ് ടീമിൽ രണ്ടാം ഓപ്പണറാകാന്‍ ശ്രമിക്കുന്ന ശിഖര്‍ ധവാനുമാണ് ടീം ഇന്ത്യയില്‍ ശ്രദ്ധാകേന്ദ്രം. ടീമിലുള്ള സഞ്ജു സാംസണെ തുടര്‍ച്ചയായ എട്ടാം മത്സരത്തിലും അവഗണിക്കുമെന്നാണ് സൂചന.