INDvNZ : മുംബൈയില്‍ കോലി തിരിച്ചെത്തും, ആരെ ഒഴിവാക്കും? ടീം മാനേജ്‌മെന്റ് ആശയക്കുഴപ്പത്തില്‍
ടെസ്റ്റ് ഫോര്‍മാറ്റില്‍ കളി ജയിക്കാന്‍ അഞ്ച് ബൗളര്‍മാര്‍ വേണമെന്നതാണ് വിരാട് കോലിയുടെ നിലപാട്. വിക്കറ്റ് കീപ്പര്‍ അടക്കം ആറ് ബാറ്റര്‍മാര്‍ അന്തിമ ഇലവനിലെത്തുന്നതാണ് പതിവ്.
കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരെ (New Zealad) ആദ്യ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ക്യാംപില്‍ ആശയക്കുഴപ്പം. മുംബൈയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ കോലി (Virat Kohli) തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്ന് വ്യക്തതയില്ല.
ടെസ്റ്റ് ഫോര്‍മാറ്റില്‍ കളി ജയിക്കാന്‍ അഞ്ച് ബൗളര്‍മാര്‍ വേണമെന്നതാണ് വിരാട് കോലിയുടെ നിലപാട്. വിക്കറ്റ് കീപ്പര്‍ അടക്കം ആറ് ബാറ്റര്‍മാര്‍ അന്തിമ ഇലവനിലെത്തുന്നതാണ് പതിവ്. കോലി വിട്ടുനിന്ന കാണ്‍പൂര്‍ ടെസ്റ്റില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനും (Shubman Gill) മായങ്ക് അഗര്‍വാളിനും (Mayank Agarwal) പുറമേ ബാറ്റര്‍മാരായി കളിച്ചത് ചേതേശ്വര്‍ പുജാര (Cheteshwar Pujara), അജിന്‍ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍ എന്നിവര്‍.
പുജാര 26നും രഹാനെ 35ഉം റണ്‍സില്‍ മടങ്ങിയപ്പോള്‍ അരങ്ങേറ്റത്തില്‍ ശ്രേയസ് സെഞ്ച്വറി തികച്ചു. അടുത്ത മാസം മൂന്നിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കോലി തിരിച്ചെത്തുമ്പോല്‍ ആരെ ഒഴിവാക്കും? ഒന്നുകില്‍ രഹാനെയെ മാറ്റി തലമുറമാറ്റം പ്രഖ്യാപിക്കണം.
അല്ലെങ്കില്‍ കാണ്‍പൂരില്‍ സെഞ്ച്വറി നേടിയ ശ്രേയസിനെ ഒഴിവാക്കണം. പുജാരയെ ഒഴിവാക്കി ബാറ്റിംഗ് ക്രമത്തില്‍ അഴിച്ചുപണി വരുത്തുന്നതും മായങ്കിന് പകരം പുജാരയെ ഓപ്പണറാക്കി കോലി, രഹാനെ, ശ്രേയസ് എന്നിവര്‍ക്ക് ഒന്നിച്ച് അവസരം നല്‍കുന്നതും പരിഗണിച്ചേക്കാം.
ഏതായാലും ദക്ഷിണാഫ്രിക്കന്‍ പര്യടനം വരാനിരിക്കെന നിര്‍ണായകമായ തീരുമാനം എടുക്കേണ്ട ചുമതലയാണ് രാഹുല്‍ ദ്രാവിഡിനുള്ളത്.