ഗള്‍ഫ് ജയന്‍റ്സിന് ജയിക്കാന്‍ 13 പന്തില്‍ 18 റണ്‍സ് വേണ്ടപ്പോഴായിരുന്നു വിവാദ പുറത്താക്കലും തിരിച്ചുവിളിക്കലും.

ദുബായ്: ഇന്‍റര്‍നാഷണല്‍ ലീഗ് ടി20 മത്സരത്തില്‍ എംഐ എമിറേറ്റ്സും ഗള്‍ഫ് ജയന്‍റ്സും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തിനിടെയുണ്ടായത് നാടകീയ നിമിഷങ്ങള്‍. ഗള്‍ഫ് ജയന്‍റ്സ് ബാറ്ററായിരുന്ന ടോം കറനെ എം ഐ എമിറേറ്റ്സ് ക്യാപ്റ്റൻ നിക്കോളാസ് പുരാന്‍ റണ്ണൗട്ടാക്കിയെങ്കിലും പിന്നാലെ അപ്പീല്‍ പിന്‍വലിച്ച് കറനെ ക്രീസിലേക്ക് തിരിച്ചുവിളിച്ചു. ഗള്‍ഫ് ജയന്‍റ്സിന് ജയിക്കാന്‍ 13 പന്തില്‍ 18 റണ്‍സ് വേണ്ടപ്പോഴായിരുന്നു വിവാദ പുറത്താക്കലും തിരിച്ചുവിളിക്കലും.

അല്‍സാരി ജോസഫ് എറിഞ്ഞ പതിനെട്ടാം ഓവറിലെ അവസാന പന്ത് മാര്‍ക് അഡയര്‍ ലോംഗ് ഓഫിലേക്ക് അടിച്ച് അനായാസ സിംഗിള്‍ നേടി. ലോംഗ് ഓഫില്‍ ഫീല്‍ഡ് ചെയ്ത കെയ്റോണ്‍ പൊള്ളാര്‍ഡ് പന്ത് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് ത്രോ ചെയ്തു നല്‍കുകയും ചെയ്തു. ഈ സമയം സിംഗിള്‍ പൂര്‍ത്തിയാക്കിയശേഷം ഓവര്‍ കഴിഞ്ഞതിനാല്‍ ക്രീസ് വിട്ട് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് നടന്ന ടോം കറനെ പന്ത് കൈയില്‍ കിട്ടിയ ഉടനെ നിക്കോളാസ് പുരാന്‍ റണ്ണൗട്ടാക്കി. അമ്പയറുടെ അനുമതി ചോദിക്കാതെ ക്രീസ് വിട്ട് നടന്ന ടോം കറനെ റണ്ണൗട്ടാക്കിയ അപ്പീല്‍ അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് വിട്ടു. ടിവി അമ്പയര്‍ വിശദമായ പരിശോധനക്ക് ശേഷം പുരാന്‍റെ അപ്പീല്‍ അനുവദിച്ച് അത് ഔട്ടാണെന്ന് വിധിച്ചു.

Scroll to load tweet…

ഇതോടെ ടോം കറന്‍ അതൃപ്തിയോടെ ക്രീസ് വിട്ട് ഡഗ് ഔട്ടിലേക്ക് നടന്നു. എന്നാല്‍ ട്വിസ്റ്റ് അവിടംകൊണ്ടും തീര്‍ന്നില്ല. പുരാന്‍റെ അപ്പീലില്‍ അതൃപ്തി അറിയിച്ച എംഐ എമിറേറ്റ് പരീശീലകനായ ആന്‍ഡി ഫ്ലവര്‍ ഗ്രൗണ്ടിന് അടുത്തെത്തി അപ്പീല്‍ പിന്‍വലിക്കാന്‍ പുരാനോട് ആവശ്യപ്പെട്ടു. ടോം കറനോട് ക്രീസിലേക്ക് തിരിച്ചുപോകാനും പറഞ്ഞു. ആശയക്കുഴപ്പത്തിനൊടുവില്‍ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് പുരാന്‍ അമ്പയറെ അറിയിച്ചതോടെ കറൻ വീണ്ടും ക്രീസിലെത്തി ബാറ്റിംഗ് തുടര്‍ന്നു. റണ്ണൗട്ടിലൂടെ ഭാഗ്യം ലഭിച്ചെങ്കിലും ഇരുപതാം ഓവറിലെ അഞ്ചാം പന്തില്‍ ടോം കറനെ മൗസ്‌ലെ ബൗള്‍ഡാക്കി. എന്നാല്‍ 152 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ അടിച്ചെടുത്ത് ഗള്‍ഫ് ജയന്‍റ്സ് രണ്ട് വിക്കറ്റിന്‍റെ നേരിയ ജയം സ്വന്തമാക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര, ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം; ഓള്‍ റൗണ്ടര്‍ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക