23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡങ്ക് 43 പന്തില്‍ സെഞ്ചുറിയിലെത്തിയപ്പോള്‍ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാട്സണ്‍ 47 പന്തിലാണ് സെഞ്ചുറി തികച്ചത്.
വഡോദര: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ഇന്ത്യൻ മാസ്റ്റേഴ്സിനോട് കണക്കുതീര്‍ത്ത് ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍. ഇന്‍റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20യിൽ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാസ്റ്റേഴ്സ് ഷെയ്ന്‍ വാട്സന്‍റെയും ബെന്‍ ഡങ്കിന്‍റെയും സെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 269 റൺസടിച്ചു. ബെന്‍ ഡങ്ക് 53 പന്തില്‍ 132 റണ്‍സടിച്ചപ്പോൾ ഷെയ്ന്‍ വാട്സണ്‍ 52 പന്തില്‍ 110 റണ്‍സടിച്ചച്ചു. 15 പന്തില്‍ 22 റണ്‍സടിച്ച ഷോൺ മാര്‍ഷിന്‍റെ വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് ഷോണ്‍ മാര്‍ഷും വാട്സനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. അഞ്ചാം ഓവറില്‍ 33 റണ്‍സിലെത്തിയ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് ഷോണ്‍ മാര്‍ഷിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 പന്തില്‍ 22 റണ്‍സെടുത്ത മാര്‍ഷിനെ നേഗിയാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാട്സണും ഡങ്കും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഇന്ത്യ മാസ്റ്റേഴ്സിന്‍റെ താളം തെറ്റി. 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡങ്ക് 43 പന്തില്‍ സെഞ്ചുറിയിലെത്തിയപ്പോള്‍ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാട്സണ്‍ 47 പന്തിലാണ് സെഞ്ചുറി തികച്ചത്. വാട്സണ്‍ 12 ഫോറും ഏഴ് സിക്സും പറത്തിയപ്പോള്‍ ഡങ്ക് 12 ഫോറും 10 സിക്സും പറത്തി. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 236 റണ്‍സടിച്ചു.
ഇന്ത്യൻ ബൗളര്‍മാരില്‍ നാലോവറില്‍ 73 റണ്‍സ് വഴങ്ങിയ വിനയ് കുമാറാണ് ഏറ്റവുമധികം പ്രഹരമേറ്റുവാങ്ങിയത്. അഭിമന്യു മിഥുന്‍ നാലോവറില്‍ 46 റണ്‍സ് വഴങ്ങിയപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ രണ്ടോവറില്‍ 31 റണ്‍സ് വഴങ്ങി. സ്റ്റുവര്‍ട്ട് ബിന്നി രണ്ടോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്തു. ടൂര്‍ണമെന്‍റില്‍ മൂന്ന് കളികളില്‍ മൂന്ന് ജയവുമായി ഇന്ത്യ മാസ്റ്റേഴ്സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. കളിച്ച രണ്ട് കളികളും തോറ്റ ഓസ്ട്രേലിയ മാസ്റ്റേഴ്സ് അഞ്ചാമതാണ്.
