ദുബായ്: ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ താരവുമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുക്കറെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തോ ?. ചോദ്യം മുംബൈ ആരാധകരുടേതാണ്. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ കളിക്കുന്ന അര്‍ജ്ജുന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ആരാധകര്‍ ഈ ചോദ്യവുമായി രംഗത്തെത്തിയത്.

മുംബൈയുടെ താരങ്ങളായ ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ജെയിംസ് പാറ്റിന്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അര്‍ജ്ജുനൊപ്പം നീന്തക്കുളത്തിലുണ്ട്. മുംബൈ താരങ്ങള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന ചിത്രം അര്‍ജ്ജുന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.

ഇടംകൈയന്‍ പേസറായ അര്‍ജ്ജുന്‍ ഐപിഎല്‍ ലേലത്തിലുണ്ടായിരുന്നില്ല. ഇതാണ് ആരാധകരില്‍ ആശയക്കുഴപ്മുണ്ടാക്കിയത്. എന്നാല്‍ ഇതാദ്യമായല്ല അര്‍ജ്ജുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ എത്തുന്നത്. മുമ്പും നിരവധി തവണ മുംബൈ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്ന അര്‍ജ്ജുന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഇത്തവണ പക്ഷെ മുബൈ ടീമിനൊപ്പം അര്‍ജ്ജുന്‍ സഞ്ചരിക്കുന്നത് ടീമിന്റെ നെറ്റ് ബൗളറായാണ്. ടീം അംഗങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറിഞ്ഞുകൊടുക്കാനായി ഏതാനും ബൗളര്‍മാരെ എല്ലാ ടീമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംഘത്തിലാണ് 20കാരനായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുമുള്ളത്.  എന്നാല്‍ നിലവില്‍ നെറ്റ് ബൗളറാണെങ്കിലും ടൂര്‍ണമെന്റിനിടെ ഏതെങ്കിലും ബൗളര്‍ക്ക് പരിക്കേറ്റാല്‍ അര്‍ജ്ജുന്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2018ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി അര്‍ജ്ജുന്‍ യുഎഇയില്‍ കളിച്ചിട്ടുണ്ട്.

2017ലെ ഏകദിന വനിതാ ലോകകപ്പ് ഫൈനലിന് മുമ്പ്  ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് അര്‍ജ്ജുന്‍ പന്തെറിയാനെത്തിയിരുന്നു. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരുടെ നെറ്റ് സെഷനില്‍ പന്തെറിയാനെത്തിയ അര്‍ജ്ജുന്‍ യോര്‍ക്കറില്‍ ജോണി ബെയര്‍സ്റ്റോയെ വീഴ്തത്തിയതും വാര്‍ത്തയായിരുന്നു.