കൊല്‍ക്കത്ത: ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലം നാളെ കൊൽക്കത്തയിൽ. ലേലപ്പട്ടികയിലുള്ള 332 കളിക്കാരില്‍ നിന്ന് പരമാവധി 73 പേരെ എട്ട് ടീമുകള്‍ക്ക് സ്വന്തമാക്കാം. ഉച്ചകഴിഞ്ഞ് 3.30നാണ് ലേലം തുടങ്ങുന്നത്. ബാംഗ്ലൂരിന് 12 ഉം, കൊൽക്കത്ത, ഡൽഹി, രാജസ്ഥാന്‍ ടീമുകള്‍ക്ക് 11 ഉം കളിക്കാരെ വീതം ടീമിലെടുക്കാന്‍ അവസരമുണ്ട്. 

ഗ്ലെന്‍ മാക്‌സ‌്‌വെല്‍, ഡെയ്‌ൽ സ്റ്റെയിന്‍, ക്രിസ് ലിന്‍, പാറ്റ് കമ്മിന്‍സ് തുടങ്ങി എട്ട് പേരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി നിശ്ചയിച്ചത്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മിധുന്‍ എസ് എന്നീ അഞ്ച് കേരള താരങ്ങളും ലേലപ്പട്ടികയിൽ ഉണ്ട്. സഞ്ജു സാംസൺ അടക്കം ഏഴ് മലയാളി താരങ്ങളെ വിവിധ ടീമുകള്‍ നേരത്തേ നിലനിര്‍ത്തിയിരുന്നു. 

ഇക്കുറി ഭാഗ്യം തെളിയുമോ ഇഷാന്‍ പോറലിന്?

താരലേലത്തിലൂടെ ആദ്യമായി ഐപിഎൽ ടീമിലെത്താമെന്ന പ്രതീക്ഷയിലാണ് ബംഗാളി പേസര്‍ ഇഷാന്‍ പോറല്‍. കരിയറിലും ജീവിതത്തിലും ഏറ്റവും അധികം സ്വാധീനം ചെലുത്തിയത് രാഹുല്‍ ദ്രാവിഡാണെന്നും ഇഷാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രാഹുല്‍ ദ്രാവിഡിന്‍റെ ശിക്ഷണത്തില്‍ കഴിഞ്ഞവര്‍ഷം അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്‍റെ കുന്തമുനയായാണ് ബംഗാളി പേസര്‍ ഇഷാന്‍ പോറല്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പരിക്ക് പിന്നാലെകൂടിയതോടെ ഐപിഎൽ ടീമുകളിലെത്താന്‍ ഇഷാനായില്ല. ദിയോദര്‍ ട്രോഫി ഫൈനലിലെ അഞ്ച് വിക്കറ്റുനേട്ടം അടക്കമുള്ള മികച്ച പ്രകടനം തനിക്ക് ഐപിഎല്‍ ടീമിലേക്കുള്ള വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ഇഷാന്‍ പോറല്‍.

അണ്ടര്‍ 19 തലത്തിൽ നിന്ന് സീനിയര്‍ മത്സരങ്ങളിലേക്കുള്ള മാറ്റം എളുപ്പമായിരുന്നില്ല. പരിക്കിന്‍റെ പിടിയിലായിരുന്നിട്ടും ലോകകപ്പില്‍ കൈവിടാതിരുന്ന ദ്രാവിഡാണ് കരിയറില്‍ വഴികാട്ടിയെന്നും ഇഷാന്‍ വ്യക്തമാക്കി.