ദുബായ്:  കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാവില്ല ഐപിഎല്‍ മത്സരങ്ങള്‍ എന്ന സൂചന നല്‍കി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ 35-40 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മുബാഷിര്‍ ഉസ്മാനി പിടിഐയോട് പറഞ്ഞു.

സെപ്റ്റംബര്‍ 19ന് തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കണോ എന്നത് യഎഇ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് നേരത്തെ ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞിരുന്നു. തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്‍ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അന്തിമാനുമതിക്കായി കാത്തിരിക്കുകയാണ് യുഎഇ.

ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചാല്‍ ഐപിഎല്‍ നടത്തിപ്പമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുമായി യുഎഇ സര്‍ക്കാരിനെ സമീപിക്കുമെന്ന് ഉസ്മാനി പറഞ്ഞു. മത്സരം കാണാന്‍ കാണികളെ പ്രവേശിപ്പിക്കണമെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിക്കുന്നതെങ്കിലും അത് പൂര്‍ണമായും സര്‍ക്കാരിന്റെ തീരുമാനമാണെന്നും ഉസ്മാനി വ്യക്തമാക്കി.

യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ സാധാരണയായി 30-50 ശതമാനം കാണികളാണ് സ്റ്റേഡിയത്തില്‍ എത്താറുള്ളതെന്നും ഐപിഎല്ലിനും ഇത്രയും കാണികളെയാണ് പ്രതീക്ഷിക്കുന്നതെന്നും ഉസ്മാനി പറഞ്ഞു. മത്സരം കാണാന്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉസ്മാനി വ്യക്തമാക്കി. യുഎഇയില്‍ നിലവില്‍ ആറായിരത്തോളം കൊവിഡ് 19 പോസറ്റീവ് കേസുകളുണ്ടെന്നാണ് ഔദ്യോഗി കണക്ക്.