ചെന്നൈ: ഐപിഎല്‍ ടീം ചെന്നൈ സൂപ്പർ കിംഗ്‍സ് നായകന്‍ എം എസ് ധോണിയെ പ്രശംസിച്ച് മുന്‍ സഹതാരം ആല്‍ബി മോർക്കല്‍. 'ടീമില്‍ ധോണിക്ക് വലിയ ചുമതലയാണുള്ളത്. ഇന്ത്യയില്‍ ധോണി എത്രത്തോളം മഹനീയനാണെന്നും അയാളുടെ കളിശൈലിയും നമുക്കറിയാം. വെള്ള പന്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ധോണി'യെന്നും മോർക്കല്‍ പറഞ്ഞു. 

ധോണി നയിച്ചാല്‍ ജയമുറപ്പ്

'ധോണിയെ നായകനായി ലഭിച്ചാല്‍ വിജയിച്ചു എന്നാണർത്ഥം. താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കണമെന്ന് ധോണിക്ക് നന്നായി അറിയാം. കോർ ഗ്രൂപ്പിനെ ഏറെക്കാലം ടീമില്‍ നിലനിർത്തുന്നതും ഒരേ നായകന് കീഴില്‍ കളിക്കുന്നതുമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ വിജയരഹസ്യം. ധോണിയായിരുന്നു എല്ലാ സീസണിലും നായകന്‍. സ്ഥിരതയാണ് സിഎസ്‍കെയുടെ വിജയരഹസ്യം' എന്നും മോർക്കല്‍ പറഞ്ഞു. 

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും കഴിഞ്ഞ വർഷം വിരമിച്ചിരുന്നു ആല്‍ബി മോർക്കല്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ താരമായിരുന്നു മോർക്കല്‍. 91 മത്സരങ്ങള്‍ കളിച്ച താരം 974 റണ്‍സും 85 വിക്കറ്റുമാണ് നേടിയത്. 

ആരാണ് ധോണി; സംഖ്യകള്‍ പറയും

ധോണിക്ക് കീഴില്‍ പത്ത് സീസണുകളില്‍ മൂന്ന് തവണ ചെന്നൈ സൂപ്പർ കിംഗ്സ് ചാമ്പ്യന്‍മാരായി. അഞ്ച് തവണ റണ്ണർഅപ്പും ആയി. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് എം എസ് ധോണി. ഐപിഎല്ലില്‍ ബാറ്റ് കൊണ്ടും ധോണിയുടെ പ്രകടനം മികച്ചതാണ്. 190 മത്സരങ്ങളില്‍ 4432 റണ്‍സ് നേടിയപ്പോള്‍ 23 അർധ സെഞ്ചുറികള്‍ പേരിലുണ്ട്. 137.85 ആണ് സ്‍ട്രൈക്ക് റേറ്റ്.

Read more: ധോണി ഇനി ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം