ജയ്പൂര്‍: ഐപിഎല്‍ ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ജയജേവ് ഉനദ്ഘട്ട് നയിക്കുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ നായകനായ സ്റ്റീവ് സ്മിത്തി ഇംഗലണ്ടിനെതിരായ പരമ്പര പൂര്‍ത്തിയാക്കിയശേഷമെ ടീമിനൊപ്പം ചേരൂ. ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാക്കി ക്വാറന്റീന്‍ കാലാവധിയും കഴിഞ്ഞ് സ്മിത്ത് ടീമിനൊപ്പം ചേരുന്നതുവരെ രാജസ്ഥാനെ ഉനദ്ഘട്ട് നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന, ടി20 പരമ്പരകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ടീം രാജസ്ഥാന്‍ റോയല്‍സാണ്. ഇംഗ്ലണ്ട് ടീമിലെ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരും ഓസീസ് താരമായ സ്റ്റീവ് സ്മിത്തും പരമ്പര പൂര്‍ത്തിയാക്കിയശേഷമെ ടീമിനൊപ്പം ചേരു.

അതേസമയം, വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബെന്‍ സ്റ്റോക്സ് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കളിക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. അടുത്തമാസമാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും മൂന്ന് വീതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും കളിക്കുന്നത്.


ഈ വര്‍ഷം രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഉനദ്ഘട്ട് ഇതുവരെ ഐപിഎല്ലില്‍ നായകനായിട്ടില്ല. കഴിഞ്ഞ രഞ്ജി സീസണില്‍ സൗരാഷ്ട്രയെ മുന്നില്‍ നിന്ന് നയിച്ച ഉനദ്ഘട്ട് 67 വിക്കറ്റുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറുമായിരുന്നു. 2018 മുതല്‍ രാജസ്ഥാന്‍ താരമായ ഉനദ്ഘട്ട് ഐപിഎല്ലിലെ പൊന്നുവിലയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്.