ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ ആവേശത്തിലാക്കാന്‍ 'തല' എം എസ് ധോണി വീണ്ടും വരുന്നു. ഐപിഎല്‍ സീസണിന് മുന്നോടിയായി എം എസ് ധോണിയുടെ പരിശീലനം അടുത്ത മാസം രണ്ടിന് തുടങ്ങും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സഹതാരങ്ങള്‍ക്കൊപ്പമാകും ധോണിയുടെ പരിശീലനമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കെ എസ് വിശ്വനാഥന്‍ അറിയിച്ചു.

Read more: 'ബിസിസിഐക്ക് ഒരു നയമുണ്ട്'; ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് രാജീവ് ശുക്ല

മാര്‍ച്ച് 19നാകും എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പരിശീലനം തുടങ്ങുക. മുപ്പത്തിയെട്ടുകാരനായ ധോണി ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതിനാല്‍ ഐപിഎല്ലിലെ പ്രകടനം ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. രാജ്യാന്തര താരമെന്ന നിലയിൽ ധോണിയുടെ അവസാന ഐപിഎല്ലാകുമെന്ന അഭ്യൂഹം ശക്തമാണ്. ഐപിഎല്ലിലെ എം എസ് ധോണിയുടെ പ്രകടനം താരത്തിന്‍റെ ഭാവി സംബന്ധിച്ച് നിര്‍ണായകമായേക്കും. ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റിനോട് ഇതുവരെ വിടപറഞ്ഞിട്ടില്ല. 

Read more: ധോണി വിരമിക്കാറായില്ല; പിന്തുണയുമായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍

ധോണി പങ്കെടുക്കുന്ന പരിശീലന സെഷന്‍ കാണുന്നതിനായി മുന്‍ വര്‍ഷങ്ങളിൽ ആരാധകര്‍ ചെപ്പോക്കിലേക്ക് ഒഴുകിയിരുന്നു. മാര്‍ച്ച് 29ന് മുംബൈ ഇന്ത്യന്‍സും സൂപ്പര്‍ കിംഗ്സും തമ്മിലാണ് സീസണിലെ ഉദ്ഘാടന മത്സരം.