ദില്ലി: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഐപിഎല്‍ ഉള്‍പ്പടെ ആളുകള്‍ ഒത്തുചേരുന്ന ഒരു കായിക മത്സരങ്ങളും ദില്ലിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇതോടെ നിര്‍ണായക യോഗത്തിന് മുന്‍പ് വെട്ടിലായിരിക്കുകയാണ് ബിസിസിഐ. 

വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ കൂടുന്ന കായിക പരിപാടികളെല്ലാം നിരോധിക്കുകയാണ്. ആളുകളെ തടയുകയല്ല, കൂട്ടം ചേരുന്നത് ഒഴിവാക്കാനാണ് ശ്രമം. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണെന്നും ദില്ലി ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Read more: ഐപിഎല്‍ ഉപേക്ഷിക്കുമോ? കാത്തിരിക്കുന്നത് 10000 കോടിയുടെ നഷ്‌ടം എന്ന് റിപ്പോര്‍ട്ട്

ഐപിഎല്‍ ഒഴിവാക്കണോ, അതോ അടച്ചിട്ട വേദികളില്‍ നടത്തണോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെ ബിസിസിഐ കൈക്കൊള്ളാനിരിക്കേയാണ് ദില്ലി സര്‍ക്കാര്‍ നിലപാടറിയിച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്‍ നടത്തുന്ന കാര്യത്തില്‍ മഹാരാഷ്‌ട്ര, കര്‍ണാടക സര്‍ക്കാരുകളും നിലപാട് വ്യക്തമാക്കിയതാണ്.

മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ ഏഴ് മത്സരങ്ങളാണ് ദില്ലിയില്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്നത്. മാര്‍ച്ച് 30ന് ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലായിരുന്നു ദില്ലിയിലെ ആദ്യ മത്സരം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക