ദില്ലി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോ എന്ന കാര്യത്തിലുള്ള ആശങ്ക നിലനില്‍ക്കുകയാണ്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തണോ അതോ ടൂര്‍ണമെന്‍റ് ഉപേക്ഷിക്കണോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം. ഐപിഎല്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടിരുന്നു.

ഐപിഎല്‍ ഉപേക്ഷിക്കേണ്ടിവന്നാല്‍ 10,000 കോടിയോളം രൂപയുടെ നഷ്‌ടമാണ് ഉണ്ടാവുകയെന്ന് വാണിജ്യ വിദഗ്ധരെ ഉദ്ധരിച്ച് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക്കറ്റ് തുക, സ്‌പോണ്‍സര്‍ഷിപ്പ്, സംപ്രേക്ഷണാവകാശങ്ങള്‍, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം, യാത്രാ-താമസസൗകര്യങ്ങള്‍, മറ്റ് ചിലവുകള്‍ ഉള്‍പ്പടെയാണിത്. സംഘാടകരായ ബിസിസിഐക്കാവും ഇതില്‍ കനത്ത നഷ്‌ടം നേരിടേണ്ടിവരിക. 

Read more: ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തിലേക്കോ..? നിര്‍ണായക നിര്‍ദേശവുമായി കേന്ദ്ര കായികമന്ത്രി

ഐപിഎല്ലിലെ മുപ്പത്തിയഞ്ച് ശതമാനം താരങ്ങളും സാങ്കേതിക വിദഗ്ധരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ വിസാ നിയന്ത്രണങ്ങള്‍ കാരണം താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും എത്തുന്ന കാര്യവും സംശയത്തിലാണ്. മാര്‍ച്ച് 29നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കേണ്ടത്. 

ഐപിഎല്ലും അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക എന്നാണ് സൂചനകള്‍. ശനിയാഴ്‌ച നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്‍ നടത്തുന്ന കാര്യത്തില്‍ മഹാരാഷ്‌ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. 

Read more: കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക