മുംബൈ: യുഎഇ വേദിയാവുന്ന ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കാരുടെ കൊവിഡ് പരിശോധന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബിസിസിഐ. ഇന്ത്യന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യുഎഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് തവണയെങ്കിലും കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഇതിനുപുറമെ ടൂര്‍ണമെന്റിനിടെ ഓരോ അഞ്ച് ദിവസത്തിലും കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും.

ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ ചേരുന്നതിന് ഒരാഴ്ച മുമ്പ് രണ്ട് തവണയെങ്കിലും ആര്‍ടി-പിസിഐര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തണം. ഇതിന് ശേഷം ഇന്ത്യയിലുള്ള ടീം അംഗങ്ങള്‍ക്കൊപ്പം 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുകയും വേണം. ഇന്ത്യയില്‍ നടത്തുന്ന പരിശോധനയില്‍ ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കണം. ഇതിനുശേഷം 24 മണിക്കൂറിനിടെ രണ്ട് തവണ ആര്‍ടി-പിസിഐര്‍ ടെസ്റ്റിന് വിധേയനായി ഫലം നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇന്ത്യയിലുള്ള ടീമിനൊപ്പം വീണ്ടും ചേരാനാവു.


യുഎഇയില്‍ എത്തിയശേഷം ഒരാഴ്ച ക്വാറന്റീനില്‍ കഴിയുന്ന താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഇക്കാലയളവില്‍ മൂന്ന് തവണയെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയരാവണം. ഇതിനുശേഷമെ ഇവരെ ബയോ ബബ്ബിളിലേക്ക് പ്രവേശിപ്പിക്കു. ടീമുകളുടെ പ്രതികരണം അനുസരിച്ച് നിര്‍ദേശങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ആവാമെങ്കിലും കളിക്കാരുടെയും ടീം ഓഫീഷ്യല്‍സിന്റെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ബിസിസിഐ പ്രതിനധി പിടിഐയോട് പറഞ്ഞു.

യുഎഇയിലെത്തി ആദ്യ ആഴ്ചയില്‍ കളിക്കാരും ടീം ഒഫീഷ്യല്‍സും ഹോട്ടലില്‍ പരസ്പരം കൂടിക്കാഴ്ച നടത്താന്‍ പാടില്ല. കൊവിഡ് പരിശോധനാ ഫലം മൂന്ന് തവണയെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞതിനുശേഷമെ ഒഫീഷ്യല്‍സിന് കളിക്കാരെ കാണാന്‍ അനുമതിയുണ്ടാകു. ഇതിനുശേഷമാകും ഒഫീഷ്യല്‍സിനെ ബയോ ബബ്ബിളിള്‍ പ്രവേശിപ്പിക്കുക. ഐപിഎല്ലില്‍ പങ്കെടുക്കുന്ന എല്ലാ വിദേശതാരങ്ങള്‍ യുഎഇയില്‍ എത്തുന്നതിന് മുമ്പ് രണ്ട് തവണയെങ്കിലും കൊവിഡ് പരിശോധനക്ക് വിധേയരാവുകയും ഫലം നെഗറ്റീവാണെന്ന് ബോധ്യപ്പെടുത്തകയും വേണം. ഇല്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടിവരും.


യുഎഇയിലെത്തുന്ന വിദേശതാരങ്ങളെ ക്വാറാന്റീന്‍ കാലാവധിയില്‍ ഒന്നാം ദിവസവും മൂന്നാം ദിവസവും ആറാം ദിവസവും കോവിഡ് പരിശോധനകള്‍ക്ക വിധേയരാക്കും. ബിസിസിഐ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പുറമെ ടീമുകള്‍ക്ക് സ്വന്തം നിലയിലും യുഎഇ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കൊവിഡ് പരിശോധനകള്‍ നടത്താവുന്നതാണ്. ഓഗസ്റ്റ് 20ന് മുമ്പ് ടീമുകള്‍ യുഎഇയിലേക്ക് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കളിക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുപോകണോ എന്ന് ടീമുകള്‍ക്ക് തീരുമാനിക്കാം.

പക്ഷെ കുടുംബാംഗങ്ങളും ബിസിസിഐ നിര്‍ദേശിച്ച കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ടീമുകള്‍ ഉറപ്പുവരുത്തണം. കുടുംബാംഗങ്ങള്‍ക്ക് ബയോ ബബ്ബിളിന് പുറത്തുനിന്നാരെയും കാണാന്‍ അനുവാദമുണ്ടായിരിക്കില്ല. മറ്റ് ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. ആരെങ്കിലും ബയോ ബബ്ബിള്‍ ലംഘിച്ച് പുറത്തുപോകുന്നവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഇതിനുശേഷം കൊവിഡ് പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവായാല്‍ മാത്രമെ വീണ്ടും ബയോ ബബ്ബിളിനകത്ത് പ്രവേശിപ്പിക്കു.