മുംബൈ: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയായേക്കുന്ന തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിയമസഭയിലുണ്ടാകും.

Also Read:കൊവിഡ് 19: ഐപിഎല്‍ പ്രതിസന്ധിയിലേക്ക്; മത്സരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ഇന്ന് മുംബൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ മത്സരങ്ങള്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്താന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ അഞ്ച് കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചിരുന്നു. കൊവിഡ് 19 ആശങ്ക നിലനില്‍ക്കെ മത്സരങ്ങള്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്താമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമെ മുംബൈയില്‍ ഐപിഎല്‍ അനുവദിക്കൂവെന്ന് മന്ത്രിസഭായോഗത്തിനുശേഷം ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞു.

Also Read: കൊവിഡ് 19: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇരുട്ടടിയായി കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്

ഐപിഎല്‍ വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തുവെന്നു പേര് വെളിപ്പെടുത്തരുതെന്ന ഉറപ്പില്‍ മന്ത്രി വ്യക്തമാക്കി. ഐപിഎല്ലില്‍ വരുമാനത്തിന്റെ മുഖ്യപങ്കും വരുന്നത് ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയും പരസ്യ വരുമാനത്തിലൂടെയും ആണെന്നതിനാല്‍ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങള്‍ നടത്തുന്നത് സാമ്പത്തികമായി ബിസിസിഐയെ ബാധിക്കില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് 29ന് മുംബൈയും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ മുംബൈയിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം.