Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഓസീസ് താരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സിന്‍റെ സര്‍പ്രൈസ്

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഈ വര്‍ഷാദ്യം താരലേലത്തില്‍ ടീമുകളാരും സ്വന്തമാക്കിയിരുന്നില്ല

IPL 2020 UAE Leg Punjab Kings signed Australian pacer Nathan Ellis
Author
Chandigarh, First Published Aug 21, 2021, 12:02 PM IST

ചണ്ഡീഗഢ്: ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് മുമ്പ് ഓസ്‌ട്രേലിയന്‍ പേസര്‍ നേഥന്‍ എല്ലിസിനെ പകരക്കാരനായി സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്. ഓസീസ് പേസര്‍മാരായ ജേ റിച്ചാര്‍ഡ്‌സണും റിലെ മെരിഡിത്തും യുഎഇയില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണിത്. രണ്ടാം പകരക്കാരനെ രണ്ട് ദിവസത്തിനുള്ളില്‍ ടീം പ്രഖ്യാപിക്കും. എന്നാല്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന എല്ലിസിനെ ഈ വര്‍ഷാദ്യം താരലേലത്തില്‍ ടീമുകളാരും സ്വന്തമാക്കിയിരുന്നില്ല. 

'യുഎഇയില്‍ പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഭാഗമാകാന്‍ കഴിയുന്നതിന്‍റെ വലിയ ആകാംക്ഷയിലാണ്. കുറച്ച് ദിവസം കൂടിയുള്ള ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ടീമിനൊപ്പം ചേരാനാകും' എന്നും പഞ്ചാബ് കിംഗ്‌സ് പങ്കുവെച്ച വീഡിയോയില്‍ നേഥന്‍ എല്ലിസ് പറഞ്ഞു. 

ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് താരമായി 26കാരനായ നേഥന്‍ എല്ലിസിനെ ഉള്‍പ്പെടുത്തിയിരുന്നു. ഈ മാസം ബംഗ്ലാദേശില്‍ ടി20 അരങ്ങേറ്റത്തില്‍ ഹാട്രിക് നേടി എല്ലിസ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അന്താരാഷ്‌ട്ര ടി20 അരങ്ങേറ്റത്തില്‍ ഹാട്രിക് നേടുന്ന ആദ്യ പുരുഷ താരമാണ്. ബിഗ് ബാഷ് ടി20 ലീഗിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് നേഥന്‍ എല്ലിസ് ടീമിലെത്തിയത്. ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സിനായി കഴിഞ്ഞ സീസണില്‍ 20 വിക്കറ്റ് നേടി.  

ഐപിഎല്‍ സെപ്റ്റംബര്‍ 19 മുതല്‍
 
സെപ്റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് യുഎഇയില്‍ തുടക്കമാവുന്നത്. ഐപിഎല്ലില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട്. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios