ദുബായ്: ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ആന്ദ്രേ റസലിനെതിരെ നെറ്റ്സില്‍ പോലും പന്തെറിയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹതാരം സിദ്ധേഷ് ലാഡ്. നെറ്റ്‌സില്‍ വിന്‍ഡീസ് കരുത്തനെതിരായ പന്തെടുക്കേണ്ടിവന്നാല്‍ ഒഴിഞ്ഞുമാറാനേ ശ്രമിക്കൂവെന്നും ലാഡ് രസകരമായി പറഞ്ഞു. 

'നെറ്റ്സില്‍ റസലിനെതിരെ ഉറപ്പായും പന്തെറിയേണ്ടിവരും. ആഭ്യന്തര ക്രിക്കറ്റിലും നെറ്റ്‌സിലും ബുമ്രയുടെ പന്തുകളെ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നറിയാം. റസല്‍ എത്രത്തോളം അപകടകാരിയാണ് എന്ന് കണ്ടറിയാം. അദേഹത്തിനെതിരെ ഒരിക്കല്‍ പോലും പന്തെറിഞ്ഞിട്ടില്ല. റസലിനെതിരായ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നേയില്ല' എന്നും ലാഡ് വ്യക്തമാക്കി. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ തീപാറും ബാറ്റിംഗ് പുറത്തെടുത്ത താരമാണ് ആന്ദ്രേ റസല്‍. 56.66 ശരാശരിയില്‍ 204.81 സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. നാല് അര്‍ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബാറ്റിംഗ് തീവ്രത പരിഗണിച്ച് താരത്തെ ബാറ്റിംഗ് ഓഡറില്‍ നേരത്തെയിറക്കാന്‍ കെകെആര്‍ പദ്ധതിയിടുന്നുണ്ട്. 

റസലിനെതിരെ ബൗള്‍ ചെയ്യുന്നതിനേക്കാള്‍ ഭേദം ബുമ്രയ്‌ക്ക് എതിരെ ബാറ്റ് ചെയ്യുന്നതാണെന്ന് ഓള്‍റൗണ്ടറായ സിദ്ധേഷ് ലാഡ് ഏപ്രിലില്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞിരുന്നു. 

കാര്‍ത്തികും റസ്സലും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മക്കല്ലം; ഉടന്‍ പരിഹരിക്കണമെന്ന് മുന്‍ ഓസീസ് താരം