Asianet News MalayalamAsianet News Malayalam

മോറിസ് ഇനി സഞ്ജുവിന് കീഴില്‍; സ്വന്തമാക്കിയത് ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് തുകയ്ക്ക്

16.5 കോടിയ്ക്കാണ് മുന്‍ ആര്‍സിബി താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ശിവം ദുബെയേയും രാജസ്ഥാന്‍ ടീമിലെത്തിച്ചു.

IPL 2021 Chris Morris set to play under sanju samson in next season
Author
Chennai, First Published Feb 18, 2021, 4:44 PM IST

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. 16.5 കോടിയ്ക്കാണ് മുന്‍ ആര്‍സിബി താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ശിവം ദുബെയേയും രാജസ്ഥാന്‍ ടീമിലെത്തിച്ചു. 4.4 കോടിക്കാണ് ദുബെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനിലെത്തിയത്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഒരു കോടിക്കും രാജസ്ഥാന്‍ സ്വന്തമാക്കി.

75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാനവില. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമാണ് തുടക്കത്തില്‍ താല്‍പര്യം കാണിച്ചത്. മുംബൈ 10 കോടി വരെ മോറിസിന് നല്‍കാന്‍ തയ്യാറായി. ഇതിനിടെ രാജസ്ഥാന്‍ റോയല്‍സും മോറിസിനായി ഇറങ്ങി. പിന്നാലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തുവന്നു. ഇതോടെ മുംബൈയും ആര്‍സിബിയും പിന്‍വലിഞ്ഞു. മത്സരം രാജസ്ഥാനും പഞ്ചാബും തമ്മിലായി. 16 കോടിവരെ പഞ്ചാബ് ശ്രമിച്ചെങ്കിലും റെക്കോഡ് തുകയ്ക്ക് രാജസ്ഥാന്‍ എടുക്കുകയായിരുന്നു. 

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനായിരുന്നു ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുണ്ടായിരുന്നത്. 16 കോടിക്ക് അദ്ദേഹം മുംബൈക്ക് വേണ്ടി കളിച്ചിരുന്നു. നിലവില്‍ മൂന്നാം സ്ഥാനത്ത് പാറ്റ് കമ്മിന്‍സാണ്. കഴിഞ്ഞ സീസണില്‍ 15.5 കോടിക്ക് താരം കൊല്‍ക്കത്തിലെത്തിയിരുന്നു. ബെന്‍ സ്‌റ്റോക്‌സിനെ രാജസ്ഥാന്‍ സ്വന്തമാക്കുമ്പോള്‍ 14.5 കോടിയാണ് നല്‍കിയത്. ഇത്തവണ ആര്‍സിബിയിലെത്തിയ മാക്‌സ്‌വെല്ലിന് ആര്‍സിബി 14.25 കോടിയാണ് നല്‍കിയത്. ഇരുവരുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 

താരലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മോറിസ്. നേരത്തെ ദുബെ രാജസ്ഥാനിലെത്തിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്തുണ്ടായിരുന്നുവെങ്കിലും രാജസ്ഥാന്‍ വിട്ടുകൊടുത്തില്ല. അതേസമയം, മൊയീന്‍ അലി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കും. ഏഴ് കോടിക്കാണ് താരം ധോണിയുടെ ടീമിലെത്തിയത്. ടി20 റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനെ പഞ്ചാബ് സ്വന്തമാക്കി. ഒന്നര കോടിക്കാണ് ഇംഗ്ലീഷ്താരം പഞ്ചാബിലെത്തിയത്. 

ഗ്ലെന്‍ ഫിലിപ്പ്, അലക്‌സ് ക്യാരി, സാം ബില്ലിംഗ്‌സ്, കുശാല്‍ പെരേര എന്നിവരില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. 

Follow Us:
Download App:
  • android
  • ios