ഐപിഎല്‍ ആവേശം ഉയരുന്നതിനിടെ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്ററും ടീം ഇന്ത്യയുടെ മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കര്‍. 

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ടീമുകള്‍. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും അടക്കമുള്ള ടീമുകള്‍ ഇതിനകം പരിശീലന ക്യാമ്പ് ആരംഭിച്ചിട്ടിട്ടുണ്ട്. ഐപിഎല്‍ ആവേശം ഉയരുന്നതിനിടെ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്ററും ടീം ഇന്ത്യയുടെ മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കര്‍. 

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കുക എളുപ്പമല്ല എന്നാണ് ഗാവസ്‌കറുടെ വാക്കുകള്‍. ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരകളില്‍ മുംബൈ താരങ്ങള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചതാണ് ഇതിന് കാരണമായി മുന്‍താരം ചൂണ്ടിക്കാണിക്കുന്നത്. 

'മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തുക കഠിനമാകും. അവരുടെ താരങ്ങള്‍ ഫോമിലാണെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബാറ്റ് ചെയ്ത രീതി, ഹര്‍ദിക്കിന്‍റെ പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്. പാണ്ഡ്യ ഒന്‍പത് ഓവറുകള്‍ എറിയുന്നത് കണ്ടു. ടെസ്റ്റ് കളിക്കാന്‍ അദേഹം പ്രാപ്‌തനാണെന്ന് ഇത് തെളിയിക്കുന്നു. ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇനിയും സമയമുണ്ട്. എങ്കിലും പാണ്ഡ്യ തിരിച്ചെത്തിയ രീതി ഇന്ത്യന്‍ ക്രിക്കറ്റിനും മുംബൈ ഇന്ത്യന്‍സിനും ഗുണകരമാണ്' എന്നും ഗാവസ്‌കര്‍ പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇഷാന്‍ കിഷന്‍ ടി20 അരങ്ങേറ്റത്തില്‍ 32 പന്തില്‍ 56 റണ്‍സ് നേടിയിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ പിന്നീട് ഒരു മത്സരം കൂടിയേ കളിക്കാനായുള്ളൂ. ഇതേ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മറ്റൊരു മുംബൈ താരം സൂര്യകുമാര്‍ യാദവ് 31 പന്തില്‍ 57 റണ്‍സുമായി ഗംഭീരമാക്കി. മൂന്ന് മത്സരങ്ങളില്‍ 89 റണ്‍സാണ് യാദവ് നേടിയത്. അതേസമയം ക്രുനാല്‍ പാണ്ഡ്യ ഏകദിന അരങ്ങേറ്റത്തിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് നേടിയപ്പോള്‍ ഹര്‍ദിക് ബാറ്റിംഗിലും ബൗളിംഗിലും നിര്‍ണായകമായി. 

നേട്ടത്തിലെത്തുന്ന ആദ്യ താരമാകണം; ഐപിഎല്ലില്‍ ഹിമാലയന്‍ ലക്ഷ്യവുമായി ഉത്തപ്പ