ഇതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം എന്താണെന്ന് പരിശോധിക്കാതെ തന്നെ തേര്‍ഡ് അമ്പയര്‍ക്ക് റീപ്ലേകള്‍ കണ്ടശേഷം തന്‍റെ സ്വന്തം തീരുമാനം പ്രഖ്യാപിക്കാനാവും.

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യുന്ന തീരുമാനങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആവശ്യം ഐസിസി ഇതുവരെ അംഗീകരിച്ചില്ലെങ്കിലും ബിസിസിഐ അംഗീകരിച്ചു. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ തേര്‍ഡ് അമ്പയര്‍ക്ക് വിടുന്ന തീരുമാനങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പിലാക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം എന്താണെന്ന് പരിശോധിക്കാതെ തന്നെ തേര്‍ഡ് അമ്പയര്‍ക്ക് റീപ്ലേകള്‍ കണ്ടശേഷം തന്‍റെ സ്വന്തം തീരുമാനം പ്രഖ്യാപിക്കാനാവും. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഫീല്‍ഡ് അമ്പയറുടെ പല തീരുമാനങ്ങളും തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ തെറ്റാണെന്ന് വ്യക്തമായപ്പോഴും സോഫ്റ്റ് സിഗ്നല്‍ പരിഗണിച്ച് തിരുത്തപ്പെടാതെ പോകുന്ന സാഹചര്യമുണ്ടായിരുന്നു.

ഇതിനെതിരെ കളിക്കാരുടെ ഭാഗത്തുനിന്ന് പലപ്പോഴും ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തു. എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ പന്ത് വിക്കറ്റില്‍ കൊള്ളുമെങ്കില്‍ ഔട്ട് വിളിക്കണമെന്നും അവിടെ ഫീല്‍ഡ് അമ്പയറുടെ തിരുമാനം തിരിച്ചായിരുന്നു എന്നതുകൊണ്ട് ഔട്ട് വിളിക്കാതിരിക്കുന്നത് ശരിയല്ലെന്നും കോലി അടുത്തിടെ പറഞ്ഞിരുന്നു. അമ്പയേഴ്സ് കോള്‍ എന്നത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണെന്നും കോലി വ്യക്തമാക്കിയിരുന്നു.

സോഫ്റ്റ് സിഗ്നലിലേതുപോലെ ഷോര്‍ട്ട് റണ്ണിന്‍റെ കാര്യത്തിലും ഇത്തവണത്തെ ഐപിഎല്ലില്‍ തേര്‍ഡ് അമ്പയര്‍ക്ക് പരിശോധിക്കാമെന്നും ഫീല്‍ഡ് അമ്പയറുടെ തീരുമാനം തിരുത്താമെന്നും ബിസിസിഐ വ്യക്തമാക്കി. കഴിഞ്ഞതവണത്തേതുപോലെ ഓവര്‍ സ്റ്റെപ്പ് നോ ബോളുകള്‍ വിളിക്കുന്നതും ഇത്തവണയും തേര്‍ഡ് അമ്പയറായിരിക്കും.