പേസറായ ഡാമിയന്‍ റൈറ്റ് 123 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 28.62 ശരാശരിയില്‍ 406 വിക്കറ്റ് നേടിയിട്ടുണ്ട്. 

മൊഹാലി: ഐപിഎല്‍ പതിനാലാം സീസണിന് മുമ്പ് ഓസ്‌ട്രേലിയന്‍ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ ഡാമിയന്‍‍ റൈറ്റിനെ ബൗളിംഗ് പരിശീലകനായി നിയമിച്ച് പഞ്ചാബ് കിംഗ്‌സ്. മുഖ്യ പരിശീലകനും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടറുമായ അനില്‍ കുംബ്ലെയ്‌ക്കൊപ്പമാകും റൈറ്റിന്‍റെ ദൗത്യം. 

പഞ്ചാബ് കിംഗ്‌സില്‍ ബൗളിംഗ് കോച്ചായി എത്തുന്നത് അഭിമാനകരമാണ്. ഈ ഐപിഎല്‍ സീസണില്‍ പ്രതിഭാധനരായ താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമുള്ള ടീമിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണ് എന്ന് റൈറ്റ് പ്രതികരിച്ചു. പരിചയസമ്പന്നനായ റൈറ്റിന്‍റെ സാന്നിധ്യം ടീമിനെ ശക്തിപ്പെടുത്തുമെന്ന് മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയും പറഞ്ഞു. 

Scroll to load tweet…

പേസറായ ഡാമിയന്‍ റൈറ്റ് 123 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 28.62 ശരാശരിയില്‍ 406 വിക്കറ്റ് നേടിയിട്ടുണ്ട്. 1998 മുതല്‍ 2011 വരെ നീണ്ട കരിയറിന് ശേഷം പരിശീലകന്‍റെ കുപ്പായമണിയുകയായിരുന്നു. ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിന്‍റെ പരിശീലകനായിരുന്ന മുന്‍താരം ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ടി20 ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സ്, മെല്‍ബണ്‍ സ്റ്റാര്‍സ് ടീമുകള്‍ക്കൊപ്പവും ന്യൂസിലന്‍ഡ് ടീമിന്‍റെ ബൗളിംഗ് കോച്ചുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

വമ്പന്‍ പരിശീലക സംഘത്തെയാണ് പുതിയ സീസണിന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് ഒരുക്കിയിരിക്കുന്നത്. കുംബ്ലെയ്‌ക്കും റൈറ്റിനും പുറമെ സഹപരിശീലകനായി ആന്‍ഡി ഫ്ലവറും ബാറ്റിംഗ് കോച്ചായി വസീം ജാഫറും ഫീല്‍ഡിംഗ് പരിശീലകനായി ജോണ്ടി റോഡ്‌സുമുണ്ട്. ഏപ്രില്‍ 12ന് രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് പഞ്ചാബ് കിംഗ്‌സിന്‍റെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചവര്‍ മുംബൈ ഇന്ത്യന്‍സെന്ന് വോണ്‍; കുറിക്ക് കൊള്ളുന്ന മറുപടിയുമായി വസീം ജാഫര്‍