മൊഹാലി: ഐപിഎല്‍ പതിനാലാം എഡിഷനില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബെന്ന പേരുമാറ്റി പഞ്ചാബ് കിംഗ്സായി എത്തുന്ന പഞ്ചാബ് ടീം ഈ ഐപിഎല്‍ സീസണിലേക്കുള്ള പുതിയ ജേഴ്സി അവതരിപ്പിച്ചു. ചുവപ്പ് നിറത്തില്‍ സ്വര്‍ണവരകളുള്ള ജേഴ്സിയാണ് ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് അണിയുക. ജേഴ്സിയിലെ പ്രാഥമിക കളര്‍ ചുവപ്പ് തന്നെയായിരിക്കും.

പുതിയ ജേഴ്സിക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സമാനമായി സ്വര്‍ണനിറത്തിലുള്ള ഹെല്‍മെറ്റും അണിഞ്ഞാവും പഞ്ചാബ് താരങ്ങള്‍ ഇത്തവണ ക്രീസിലിറങ്ങുക. അടുത്ത മാസം 12ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് പഞ്ചാബിന്‍റെ ആദ്യ മത്സരം.

ഏപ്രില്‍ 9ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎല്‍ സീസണ് തുടക്കമാവുക. മോഹിത് ബര്‍മന്‍, നെസ് വാഡിയ, നടി പ്രീതി സിന്‍റ, കരണ്‍ പോള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് പഞ്ചാബ് കിംഗ്സ്.

ഐപിഎല്ലില്‍ പതിമൂന്ന് സീസണില്‍ കളിച്ചെങ്കിലും ഒരുതവണ പോലും കിരീടം നേടാന്‍ പഞ്ചാബ് കിംഗ്സിനായിട്ടില്ല. മൂന്നാം സ്ഥാനത്തെത്തിയതാണ് ഇതവരെയുള്ള മികച്ച നേട്ടം. കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്‌ലിന്‍റെ വരവോടെ ഫോമിലായിരുന്നു. തുടര്‍ വിജയങ്ങളുമായി പ്ലേ ഓഫിന് തൊട്ടടുത്ത് എത്തുകയും ചെയ്തു. അശ്വിനെ മാറ്റി  കെ എല്‍ രാഹുലിനെ ടീം കഴിഞ്ഞ തവണ നായകനായി തെരഞ്ഞെടുത്തിരുന്നു.