പതിനാലാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി ഇന്ന് നേരിടാനിരിക്കേയാണ് കോലിയുടെ പ്രതികരണം. 

ചെന്നൈ: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കണമെന്ന് താരലേലത്തിന് മുൻപുതന്നെ തീരുമാനിച്ചിരുന്നുവെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോലി. മികച്ച ടീമുമായാണ് ബാംഗ്ലൂർ ഇത്തവണ ഇറങ്ങുന്നതെന്നും കോലി പറഞ്ഞു. പതിനാലാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി ഇന്ന് നേരിടാനിരിക്കേയാണ് കോലിയുടെ പ്രതികരണം. 

കഴിഞ്ഞ സീസണിൽ 13 കളിയിൽ ഗ്ലെൻ മാക്‌സ്‌വെൽ 108 റൺസ് മാത്രമായിരുന്നു നേടിയത്. ഒറ്റ സിക്‌സര്‍ പോലും പറത്താതിരുന്നപ്പോള്‍ ഒന്‍പത് ബൗണ്ടറികള്‍ മാത്രമേ നേടാനായുള്ളൂ. ഉയർന്ന സ്‌കോര്‍ 32 മാത്രവും. കഴിഞ്ഞ സീസണിലെ കണക്കുകള്‍ ഇങ്ങനെയൊക്കെയായിട്ടും താരലേലത്തിൽ ഓസീസ് ഓള്‍റൗണ്ടര്‍ക്കായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 14.25 കോടി രൂപ മുടക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

ആര്‍സിബിയില്‍ എത്താന്‍ മാക്‌സ്‌വെല്ലിന് ആഗ്രഹമുണ്ടായിരുന്നു. ഇത്തവണ വ്യത്യസ്ത ഊര്‍ജം അയാളില്‍ കാണാനാകുന്നുണ്ട്. മാക്‌സ്‌വെല്ലിനെ സ്വന്തമാക്കണമെന്ന് തീരുമാനിച്ചിരുന്നു. ഏതെങ്കിലും ഒരു താരം ടീമിലെ ശ്രദ്ധാകേന്ദ്രമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. പരസ്‌‌പരം സഹകരിച്ച് ഒരേ ദിശയിലേക്ക് പോകാന്‍ കഴിയുന്ന ശക്തവും സന്തുലിതവുമായ സ്ക്വാഡാണ് ഞങ്ങൾക്ക് വേണ്ടത്. സമ്മര്‍ദം ഒരു താരത്തില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും കോലി കൂട്ടിച്ചേര്‍ത്തു. 

മാക്‌സ്‌വെൽ അടക്കം പുതിയ താരങ്ങളുമായി ഇറങ്ങുന്ന ടീമിൽ കോലിക്ക് വലിയ പ്രതീക്ഷയുണ്ട്. ബയോ ബബിളിലെ ജീവിതം ദുഷ്‌കരമെന്നും ആർസിബി നായകൻ വ്യക്തമാക്കി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം ആരംഭിക്കുന്നത്.