കോലി മൂന്നാം നമ്പറില്‍ ഇറങ്ങണമെന്ന് ഇന്ത്യന്‍ മുന്‍താരം വസീം ജാഫറും അഭിപ്രായപ്പെട്ടു

ബെംഗളൂരു: ഐപിഎല്‍ (IPL 2022) ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് മുന്‍ നായകന്‍ വിരാട് കോലി (Virat Kohli). ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനാലും ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്‌സ് (AB de Villiers) വിരമിച്ചതിനാലും കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ എവിടെയാകും എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ഇക്കുറി കോലി ഏത് നമ്പറിലാവും ക്രീസിലെത്തുക എന്ന് പ്രവചിക്കുകയാണ് മുന്‍താരം ആകാശ് ചോപ്ര (Aakash Chopra). 

'കഴിഞ്ഞ സീസണില്‍ കോലി ഓപ്പണറായപ്പോള്‍ മൂന്നാം നമ്പര്‍ തത്തിക്കളിക്കുകയായിരുന്നു. ആര്‍സിബിയുടെ സമീപകാല ചരിത്രത്തില്‍ ഏറെ കണ്ടിട്ടുണ്ട് ബാറ്റിംഗ് നമ്പറിലെ ഈ ചാഞ്ചാട്ടം. ഇത്തവണ എബിഡി ഇല്ല എന്നോര്‍ക്കണം. എബിഡിയുള്ളപ്പോള്‍ നാല്, അഞ്ച് സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ടീമിനുറപ്പായിരുന്നു. ദിനേശ് കാര്‍ത്തിക് ടീമിലുണ്ട്. എന്നാല്‍ അദേഹം എബിഡിയല്ല എന്നോര്‍ക്കണം. 14, 15 ഓവറുകള്‍ വരെ ക്രീസിലുറച്ച് കളിക്കാന്‍ വിരാട് കോലി മൂന്നാം നമ്പറില്‍ വരണം' എന്നും ആകാശ് ചോപ്ര പറഞ്ഞു. 

കോലി മൂന്നാം നമ്പറില്‍ ഇറങ്ങണമെന്ന് ഇന്ത്യന്‍ മുന്‍താരം വസീം ജാഫറും അഭിപ്രായപ്പെട്ടു. 'പവര്‍പ്ലേയിലോ അതിന് ശേഷമോ ക്രീസിലെത്തിയാല്‍ മത്സരം മുന്നോട്ടുകൊണ്ടുപോകാന്‍ കരുത്തുള്ള താരമാണ് കോലി. സാവധാനം തുടങ്ങി പിന്നീട് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്ന താരം. അതിനാല്‍ കോലി മൂന്നാം നമ്പറില്‍ വരണം. ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് നാലാമത് ഇറങ്ങേണ്ടത്' എന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ഓപ്പണിംഗിലിറങ്ങിയ വിരാട് കോലി 15 മത്സരങ്ങളില്‍ 28.92 ശരാശരിയില്‍ 405 റണ്‍സാണ് നേടിയത്. 

വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ൻ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്‌റെന്‍‌ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്‌നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കി. ഫാഫ് ഡുപ്ലസിസാണ് വരും സീസണിലെ നായകന്‍. 

IPL 2022 : 'ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാത്ത വിരാട് കോലി അപകടകാരി'; മുന്നറിയിപ്പുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍