ഐപിഎല്‍ പതിനഞ്ചാം സീസണിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസവും കനത്ത തിരിച്ചടികളും
സൂറത്ത്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (Kolkata Knight Riders) ഉദ്ഘാടന മത്സരത്തിന് (CSK vs KKR) മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) ആശ്വാസ വാര്‍ത്ത. സ്റ്റാര്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) ഫിറ്റ്‌നസ് പരീക്ഷ വിജയിച്ചു. അതേസമയം പേസര്‍ ദീപക് ചാഹര്‍ (Deepak Chahar) പരിക്കിന്‍റെ പിടിയില്‍ തുടരുകയാണ്. മൊയീന്‍ അലിയുടെ (Moeen Ali) വീസയും ടീമിന് പ്രതിസന്ധിയായി തുടരുന്നു.
'റുതുരാജ് ഗെയ്‌ക്‌വാദ് പൂര്‍ണ ഫിറ്റാണ്. സ്‌ക്വാഡിനൊപ്പം ചേര്‍ന്ന അദേഹം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ടീം സെലക്ഷന് റുതുരാജ് ലഭ്യമാണ്' എന്നും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഇന്‍സൈഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. മൊയീന്‍ അലി, ദീപക് ചാഹര്‍ എന്നിവരുടെ ലഭ്യതയെ കുറിച്ചും അദേഹം മനസുതുറന്നു.
കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടമുയര്‍ത്തിയപ്പോള്‍ റുതുരാജ് ഗെയ്‌ക്‌വാദായിരുന്നു ഓറഞ്ച് ക്യാപ്പിന് അവകാശി. ഇതോടെ സിഎസ്‌കെ താരത്തെ നിലനിര്‍ത്തുകയായിരുന്നു. 16 ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പടെ 635 റൺസ് റുതുരാജ് അടിച്ചുകൂട്ടി. മുന്‍ സീസണുകളില്‍ നിര്‍ണായകമായിരുന്ന ഫാഫ് ഡുപ്ലസിസ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഭാഗമായതിനാല്‍ സിഎസ്‌കെ ഓപ്പണിംഗിന്‍റെ ചുമതല റുതുരാജിന്‍റെ തോളിലാവുകയാണ്. ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയായിരിക്കും റുതുരാജിന്‍റെ ഓപ്പണിംഗ് പങ്കാളി.
അമ്പാട്ടി റായുഡുവിന്‍റെ പരിക്ക് മാറിയതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസമാണ്. ഇതേസമയം ദീപക് ചാഹറിന്‍റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല. മെഗാതാരലേലത്തില്‍ 14 കോടി മുടക്കി ചെന്നൈ സ്വന്തമാക്കിയ താരമാണ് ദീപക്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് താരത്തിന് ലഭിച്ചിട്ടില്ല. ദീപകിന് എപ്പോള്‍ കളിക്കാനാകും എന്നറിയാന്‍ കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം നേടിയത്.
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയാവട്ടെ വീസ ലഭിക്കാതെ പ്രതിസന്ധിയിലാണ്. മൂന്ന് ദിവസത്തെ ക്വാറന്‍റീന്‍ വേണമെന്നതിനാല്‍ ആദ്യ മത്സരം അലിക്ക് നഷ്‌ടമാകാന്‍ സാധ്യതയുണ്ട്. 'മൊയീന്‍ അലി വീസയ്‌ക്കായി കാത്തിരിക്കുകയാണ്. വീസ കിട്ടിയാലുടന്‍ അദേഹം ഇന്ത്യയിലേക്ക് പുറപ്പെടും. ആദ്യ മത്സരത്തിന് അലിയുണ്ടാകും എന്നാണ് പ്രതീക്ഷ, എന്നാല്‍ വീസ ലഭ്യമാകുന്നതിന് അനുസരിച്ചിരിക്കും അത്' എന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി. മാര്‍ച്ച് 26നാണ് ഐപിഎല്ലില്‍ ചെന്നൈ-കൊല്‍ക്കത്ത ഉദ്‌ഘാടന മത്സരം.
ചെന്നൈ അല്ലാതെ മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല: താരലേലത്തിന് ശേഷം ദീപക് ചാഹര്‍
