ചെന്നൈ ഇന്നിംഗ്‌സിലെ ഏഴാം ഓവറില്‍ മൊയീന്‍ അലി പുറത്തായപ്പോഴാണ് റോബിന്‍ ഉത്തപ്പയും ശിവം ദുബെയും ഒന്നിക്കുന്നത്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) ബാറ്റിംഗ് നിരയുടെ അതിശക്തമായ തിരിച്ചുവരവാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) കണ്ടത്. തുടക്കത്തിലെ വിക്കറ്റ് പോയി പ്രതിരോധത്തിലായെങ്കിലും റോബിന്‍ ഉത്തപ്പ-ശിവം ദുബെ (Robin Uthappa-Shivam Dube) വെടിക്കെട്ടാണ് ചെന്നൈക്ക് (CSK) കരുത്തായത്. ഇതോടെ ഈ സീസണിലെ ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ് ഇരുവരും സ്വന്തമാക്കി. 

മൂന്നാം വിക്കറ്റില്‍ ഉത്തപ്പയും ദുബെയും 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചെന്നൈ ഇന്നിംഗ്‌സിലെ ഏഴാം ഓവറില്‍ മൊയീന്‍ അലി പുറത്തായപ്പോഴാണ് റോബിന്‍ ഉത്തപ്പയും ശിവം ദുബെയും ഒന്നിക്കുന്നത്. ആദ്യം ഉത്തപ്പയായിരുന്നു അപകടകാരി. എന്നാല്‍ പിന്നീട് ദുബെയുടെ ഊഴമായി. 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം 88 റണ്‍സെടുത്ത ഉത്തപ്പയെ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ വനിന്ദു ഹസരങ്ക, കോലിയുടെ കൈകളിലെത്തിച്ചാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പഞ്ചാബ് കിംഗ്‌സിനെതിരെ ആര്‍സിബി താരങ്ങളായ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേര്‍ത്ത 118 റണ്‍സായിരുന്നു ഈ സീസണില്‍ നേരത്തെയുണ്ടായിരുന്ന ഉയര്‍ന്ന കൂട്ടുകെട്ട്. 

ചെന്നൈ ഇന്നിംഗ്‌സിലെ അവസാന പന്ത് വരെ ശിവം ദുബെ ബാറ്റ് വീശി. 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സറും സഹിതം ദുബെ 95* റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 216 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. റുതുരാജ് ഗെയ്‌ക്‌വാദ് 17ഉം മൊയീന്‍ അലി മൂന്നും റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്തായി. ദുബെയ്‌ക്കൊപ്പം എം എസ് ധോണി അക്കൗണ്ട് തുറക്കാതെ പുറത്താകാതെ നിന്നു. ആര്‍സിബിക്കായി ഹസരങ്ക രണ്ടും ഹേസല്‍വുഡ് ഒന്നും വിക്കറ്റ് വീഴ്‌ത്തി.

IPL 2022: ഉത്തപ്പ-ദുബെ വെടിക്കെട്ടില്‍ ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് വമ്പന്‍ സ്കോര്‍