മത്സരത്തിനായി പുനെയിലേക്ക് പോകാതെ പഞ്ചാബ് കിംഗ്‌സ് ടീം മുംബൈയില്‍ തുടരുകയാണ്. പഞ്ചാബ് താരങ്ങള്‍ ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊവിഡ് പ്രതിസന്ധിയിലായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ (Delhi Capitals) അടുത്ത മത്സരം മുംബൈയില്‍ നടത്താന്‍ സാധ്യതയെന്ന് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. നാളെ പ‌ഞ്ചാബ് കിംഗ്‌സിനെതിരെ (Delhi Capitals vs Punjab Kings) നടക്കേണ്ട മത്സരത്തിന് പുനെയാണ് ആദ്യം വേദിയായി തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനാഫലം ആശ്രയിച്ചായിരിക്കും മത്സരത്തിന്‍റെ ഭാവിയുടെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനം കൈക്കൊള്ളുക. 

മത്സരത്തിനായി പുനെയിലേക്ക് പോകാതെ പഞ്ചാബ് കിംഗ്‌സ് ടീം മുംബൈയില്‍ തുടരുകയാണ്. പഞ്ചാബ് താരങ്ങള്‍ ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും. ബിസിസിഐയുടെ നിര്‍ദേശം അനുസരിച്ചായിരിക്കും ടീമിന്‍റെ യാത്രയും ഭാവി പരിപാടുകളും. 

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനും രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ എല്ലാവരും ക്വാറന്‍റീനിലാണ്. നേരിയ പനിയടക്കമുള്ള രോഗലക്ഷണങ്ങളുള്ള മിച്ചൽ മാർഷിനെ ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് കണ്ടെത്തിയിരുന്നു. നിലവില്‍ ആകെ നാല് പേരാണ് ഡല്‍ഹി ക്യാമ്പില്‍ കൊവിഡ് പിടിപെട്ടവര്‍. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയാല്‍ നാളത്തെ മത്സരം കൂടുതല്‍ അനിശ്ചിതത്വത്തിലാകും. 

നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവി‍ഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍ഷിന്‍റെ ആരോഗ്യനില ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെഡിക്കല്‍ സംഘം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. 

ടീമുകളില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളടക്കം 12 പേര്‍ ലഭ്യമാണെങ്കില്‍ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ഐപിഎല്‍ ചട്ടം. 12 താരങ്ങള്‍ കളിക്കാന്‍ ആരോഗ്യവാന്‍മാരല്ലെങ്കില്‍ മത്സരത്തിന്‍റെ കാര്യത്തില്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. ഡല്‍ഹി ടീമില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ മത്സര പദ്ധതികളെ ബാധിക്കും. 

IPL 2022 : ഡൽഹി ക്യാപിറ്റല്‍സില്‍ 4 പേര്‍ക്ക് കൊവിഡ്, മിച്ചല്‍ മാര്‍ഷ് ആശുപത്രിയില്‍; ആശങ്ക പെരുക്കുന്നു