മൂന്നാം പന്തില്‍ ധോണിയുടെ വക സിക്സ്, നാലാം പന്തില്‍ ബൗണ്ടറി, അഞ്ചാം പന്തില്‍ രണ്ട് റണ്‍സ്, ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. ഉനദ്‌ഘട്ടിന്‍റെ ലോ ഫുള്‍ടോസ് ഫൈന്‍ ലെഗ്ഗ് ബൗണ്ടറി കടത്തി ഒരിക്കല്‍ കൂടി ധോണി ചെന്നൈയുടെ വിജയ നായകനായി.

മുംബൈ: ഐപിഎല്ലില്‍(IPL 2022) എം എസ് ധോണിയുടെ(MS Dhoni) ഫിനിഷിംഗ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) മൂന്ന് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) സീസണിലെ രണ്ടാം ജയം. 156 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ചെന്നൈക്ക് ജയദേവ്‌ ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ അതുവരെ തകര്‍ത്തടിച്ച പ്രിട്ടോറിയസിനെ ഉനദ്ഘട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ മുംബൈ സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ ഡ്വയിന്‍ ബ്രാവോ സിംഗിളെടുത്ത് സ്ട്രൈക്ക് ധോണിക്ക് കൈമാറി.

മൂന്നാം പന്തില്‍ ധോണിയുടെ വക സിക്സ്, നാലാം പന്തില്‍ ബൗണ്ടറി, അഞ്ചാം പന്തില്‍ രണ്ട് റണ്‍സ്, ഇതോടെ അവസാന പന്തില്‍ ജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. ഉനദ്‌ഘട്ടിന്‍റെ ലോ ഫുള്‍ടോസ് ഫൈന്‍ ലെഗ്ഗ് ബൗണ്ടറി കടത്തി ഒരിക്കല്‍ കൂടി ധോണി ചെന്നൈയുടെ വിജയ നായകനായി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 155-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 156-7. 13 പന്തില്‍ 28 റണ്‍സുമായി ധോണിയും ഒരു റണ്ണോടെ ഡ്വയിന്‍ ബ്രാവോയും പുറത്താകാതെ നിന്നു.

തുടക്കം തകര്‍ച്ചയോടെ

ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ ആദ്യ പന്തില്‍ തന്നെ ഡാനിയേല്‍ സാംസ് മടക്കിയതിന്‍റെ ഞെട്ടലിലാണ് ചെന്നൈ റണ്‍വേട്ട തുടങ്ങിയത്. റോഹിന്‍ ഉത്തപ്പയും(25 പന്തില്‍ 30) മിച്ചല്‍ സാന്‍റ്നറും(11) ചേര്‍ന്നുള്ള കൂട്ടുകെട്ടും അധികം മുന്നോട്ടുപോയില്ല. സാന്‍റ്നറെ മടക്കി സാംസ് രണ്ടാം പ്രഹമേല്‍പ്പിക്കുമ്പോള്‍ ചെന്നൈ സ്കോര്‍ ബോര്‍ഡില്‍ 16 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അംബാട്ടി റായുഡുവുമൊത്ത്(35 പന്തില്‍ 40) മികച്ച കൂട്ടുകെട്ടിലൂടെ ഉത്തപ്പ ചെന്നൈയെ 50 കടത്തി. സ്കോര്‍ 66ല്‍ നില്‍ക്കെ ഉത്തപ്പയെ വീഴ്ത്തി ഉനദ്ഘട്ട് ചെന്നൈക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു.

ശിവം ദുബെയെ(13) കൂട്ടുപിടിച്ച് റായുഡു ചെന്നൈയെ 100 കടത്തിയെങ്കിലും ഇതിന് പിന്നാലെ ദുബെയും, ക്യാപ്റ്റന്ഡ രവീന്ദ്ര ജഡേജയും(3) മടങ്ങിയതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ വാലറ്റത്ത് ഡ്വയിന്‍ പ്രിട്ടോറിയസ്(14 പന്തില്‍ 22) തകര്‍ത്തടിച്ചതോടെ ചെന്നൈക്ക് പ്രതീക്ഷയായി. മറുവശത്ത് ധോണിയുണ്ടെന്ന ചെന്നൈയുടെ ആശ്വാസം തെറ്റിയില്ല. അവസാന ഓവറിന് മുമ്പ് ഒമ്പത് പന്തില്‍ 12 റണ്‍സുമായി നിന്ന ധോണി ഒരിക്കല്‍ കൂടി അവസാന ഓവറില്‍ പഴയ ഫിനിഷറായപ്പോള്‍ ഉനദ്‌ഘട്ടിന് രോഹിത്തിനും സംഘത്തിനും ഏഴാം തോല്‍വിയുമായി മടക്കം.

മുംബൈക്കായി ഡാനിയേല്‍ സാംസ് നാലോവറില്‍ 30 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ബുമ്രക്ക് ഇന്നും വിക്കറ്റ് വീഴ്ത്താനായില്ല. ഉനദ്ഘട്ട് നാലോവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെത്തത്. 43 പന്തില്‍ 51 റണ്‍സെടുത്ത യുവതാരം തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 32 റണ്‍സടിച്ചപ്പോള്‍ ഹൃതിക് ഷൊക്കീന്‍ 25 റണ്‍സ് നേടി. ചെന്നൈക്കായി മഹേഷ് ചൗധരി മൂന്നും ഡ്വയിന്‍ ബ്രാവോ രണ്ടും വിക്കറ്റെടുത്തു.