ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക് വേഗം കൊണ്ടാണ് ആദ്യം അമ്പരപ്പിച്ചത്

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ്‍ (IPL 2022) പുരോഗമിക്കവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ (Umran Malik) പ്രശംസകൊണ്ടു മൂടി മുന്‍താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). പഞ്ചാബ് കിംഗ്‌സിനെതിരെ വിസ്‌മയ സ്‌പെല്‍ എറിഞ്ഞ അതിവേഗക്കാരനെ ടി20 ലോകകപ്പില്‍ ഉള്‍പ്പടുത്തണം എന്നാണ് ഭാജിയുടെ വാദം. ഇതുവരെ ഇന്ത്യന്‍ ജേഴ്‌സണിയാത്ത താരമാണ് 150 കി.മീ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കെല്‍പുള്ള ഉമ്രാന്‍ മാലിക്. 

'പരമാവധി വേഗത്തില്‍ ടീം ഇന്ത്യയുടെ നീലക്കുപ്പായം ഉമ്രാന്‍ മാലിക്കിന് ലഭിക്കണം. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ഏറ്റവും യോഗ്യനായ താരങ്ങളിലൊരാളാണ് ഉമ്രാന്‍ മാലിക്. ഓസ്‌ട്രേലിയയില്‍ മാച്ച് വിന്നറാവാന്‍ ഉമ്രാന് കഴിയുമെന്ന്' ഹര്‍ഭജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക് വേഗം കൊണ്ടാണ് ആദ്യം അമ്പരപ്പിച്ചത്. ഈ സീസണില്‍ 14.66 സ്‌ട്രൈക്ക് റേറ്റില്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്‌ത്തി. സണ്‍റൈസേഴ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന് കീഴിലാണ് ഉമ്രാന്‍ മാലിക്കിന്‍റെ പരിശീലനം. അടുത്തിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ഗംഭീര യോര്‍ക്കറില്‍ ഉമ്രാനെ സ്റ്റെയ്‌ന്‍ മത്സരത്തിനിടെ അഭിനന്ദിച്ചിരുന്നു. 

പഞ്ചാബ് കിംഗ്‌സിനെതിരെ അവസാന മത്സരത്തില്‍ വിസ്‌മയ സ്‌പെല്ലാണ് ഉമ്രാന്‍ മാലിക് എറിഞ്ഞത്. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഒരു റണ്‍ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 20-ാം ഓവറില്‍ ലസിത് മലിംഗയ്‌ക്കും ജയ്‌ദേവ്‌ ഉനദ്‌കട്ടിനും ശേഷം വിക്കറ്റ് മെയ്‌ഡന്‍ എറിയുന്ന ആദ്യ താരമാണ് ഉമ്രാന്‍ മാലിക്. മത്സരം സണ്‍റൈസേഴ്‌സ് ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ ഉമ്രാന്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

IPL 2022 : നാണക്കേടിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ട ആറ് തോല്‍വികള്‍; ഇനി മുംബൈ ഇന്ത്യന്‍സിന്‍റെ സാധ്യതകള്‍