ഇഷ്ട ഭക്ഷണം, ഇഷ്ട നടൻ എല്ലാം തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍, കുട്ടിക്കാലത്തെ ചില സങ്കടങ്ങളും പങ്കുവെക്കുന്നു...
മുംബൈ: കുട്ടിക്കാലത്ത് ഏറെ കളിയാക്കലുകൾ കേട്ടിരുന്നെന്ന് ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) നയിക്കുന്ന മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസൺ (Sanju Samson). ക്രിക്കറ്റിൽ എന്തെങ്കിലുമൊക്കെയാകുമോ എന്നായിരുന്നു നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളെന്നും സഞ്ജു വെളിപ്പെടുത്തുന്നു. ഒപ്പം ഇഷ്ട ഭക്ഷണം, ഇഷ്ട നടൻ എന്നിവയെല്ലാം ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു സഞ്ജു സാംസൺ.
രജനീകാന്തിന്‍റെ കട്ട ഫാനാണ് സഞ്ജു. രജനി സിനിമകളെല്ലാം വിടാതെ കാണും. ഡയലോഗുകളൊക്കെ മനപാഠം. ഭക്ഷണകാര്യത്തിലേക്ക് വന്നാൽ മറുപടി ഇങ്ങനെ... അമ്മയും ഭാര്യയും ഉണ്ടാക്കിത്തരുന്ന എന്തും ഇഷ്ടമാണ് ഇഷ്ട ഭക്ഷണമേതെന്ന് ചോദിച്ചാൽ തനി മലയാളിയാകും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ. 'കടലിനടുത്താണ് വീട്. രാവിലെ നല്ല മീൻ കിട്ടും. അമ്മ ഒന്നാംതരം മീൻ കറി ഉണ്ടാക്കി തരും. കപ്പയും മീനുമാണ് ഇഷ്ട ഭക്ഷണം'. ഇങ്ങനെ കഥകളൊക്കെ പറഞ്ഞുവന്നതിനിടെയാണ് ദില്ലിയിലെ കുട്ടിക്കാലത്തെ ചില സങ്കടങ്ങളും സഞ്ജു പങ്കുവെച്ചത്.
ചെറുപ്പത്തിൽ ക്രിക്കറ്റ് കിറ്റ് തനിയെ എടുക്കുക പ്രയാസമായിരുന്നു. കിറ്റുമായി അച്ഛനും അമ്മയും ബസ് സ്റ്റാൻഡിലേക്ക് വരും. ഇത് കണ്ട് ചിലരൊക്കെ കളിയാക്കും. സച്ചിനും അച്ഛനും പോകുന്നുവെന്നായിരുന്നു കളിയാക്കലുകൾ. പക്ഷേ അവർക്ക് ഉറപ്പുണ്ടായിരുന്നു താനെന്നെങ്കിലും ഇന്ത്യക്കായി കളിക്കുമെന്ന്. ഇങ്ങനെ ഏറെ കഥകളൊക്കെ പറഞ്ഞുള്ള സഞ്ജുവിന്‍റെ അഭിമുഖം ശ്രദ്ധനേടുകയാണ്.
കാണാം സഞ്ജുവിന്‍റെ അഭിമുഖം

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം പരാജയം ഏറ്റുവഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 10 കളികളില്‍ 12 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറിക്കുകയായിരുന്നു. 49 പന്തില്‍ 54 റണ്‍സെടുത്ത സഞ്ജു സാംസണായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്കോറര്‍.
IPL 2022: ക്യാച്ചിനല്ല സഞ്ജു ഡിആര്‍എസ് എടുത്തത്, അവന്‍ ശരിക്കും അമ്പയറെ കളിയാക്കിയതാണെന്ന് വെറ്റോറി
