എഡ്‌ജ്‌ബാസ്റ്റണില്‍ ജൂലൈ 1മുതലാണ് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ പുനക്രമീകരിച്ച ടെസ്റ്റ് മത്സരം കളിക്കുക

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) വേഗം കൊണ്ട് അത്ഭുതപ്പെടുത്തുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് (SRH) പേസര്‍ ഉമ്രാന്‍ മാലിക്കിനെ (Umran Malik) ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള (England vs India 5th Test- Rescheduled match) ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍താരവും കമന്‍റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen). വൈറ്റ് ബോളിലും റെഡ് ബോളിലും ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ (Team India) 22 വയസുകാരനായ ഉമ്രാന്‍റെ അവസരം വേഗത്തിലാക്കണമെന്ന് കെപി ആവശ്യപ്പെട്ടു. 

'ഞാനൊരു ഇന്ത്യന്‍ സെലക്‌ടറാണെങ്കില്‍ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ ഉമ്രാന്‍റെ പേരും ചേര്‍ക്കും. കൗണ്ടി ക്രിക്കറ്റില്‍ 70 മൈല്‍ വേഗത്തിലുള്ള പേസര്‍മാരെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഇപ്പോള്‍ നേരിടുന്നത്. അതിനാല്‍ പെട്ടെന്ന് 90-95 മൈല്‍ വേഗത്തില്‍ പന്തെറിയുന്നൊരു പേസറെ നേരിടാന്‍ അവര്‍ തയ്യാറായിരിക്കില്ല. ഉമ്രാനെ കളിപ്പിക്കാന്‍ ഏറെ കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. ടെസ്റ്റിലും വൈറ്റ് ബോള്‍ ടീമുകളിലും അദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇത്രയേറെ ശരവേഗമുള്ള പേസര്‍മാരെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്തുതന്നെ കാരണം' എന്നും പീറ്റേഴ്‌സണ്‍ ഒരു ബ്ലോഗിലെഴുതി. എഡ്‌ജ്‌ബാസ്റ്റണില്‍ ജൂലൈ 1മുതലാണ് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ പുനക്രമീകരിച്ച ടെസ്റ്റ് മത്സരം കളിക്കുക. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ റണ്‍ വഴങ്ങുന്നുണ്ടെങ്കിലും 13 മത്സരങ്ങളില്‍ ഉമ്രാന്‍ മാലിക് 17 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഈ സീസണിലെ വേഗമാര്‍ന്ന അഞ്ച് പന്തുകളും ഉമ്രാന്‍റെ പേരിലാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 157 കിലോമീറ്ററിലേറെ വേഗത്തിലെറിഞ്ഞ പന്താണ് ഇവയില്‍ മുന്നില്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സിന് അഞ്ചും പ‌ഞ്ചാബ് കിംഗ്‌സിനെതിരെ 28 റണ്‍സിന് നാലും വിക്കറ്റ് നേടിയതാണ് ഈ സീസണ്‍ ഐപിഎല്ലില്‍ ഉമ്രാന്‍ മാലിക്കിന്‍റെ മികച്ച ബൗളിംഗ് പ്രകടനങ്ങള്‍. 

അതേസമയം അവസാന മത്സരങ്ങളില്‍ ഉമ്രാന്‍ മാലിക് റണ്‍സ് വഴങ്ങിയതില്‍ വിമര്‍ശനം ശക്തമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോവ്‌മാന്‍ പവലിനെതിരെ എറിഞ്ഞ ഇരുപതാം ഓവറിലെ നാലാം പന്തിലാണ് ഉമ്രാന്‍ 157 കിലോമീറ്റര്‍ വേഗം തൊട്ടത്. എന്നാല്‍ ഉമ്രാന്‍റെ വേഗതയേറിയ പന്തിനെ അതേ വേഗത്തില്‍ പവല്‍ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി. മത്സരത്തില്‍ ആദ്യ ഓവറില്‍ 21 റണ്‍സ് വഴങ്ങിയ ഉമ്രാന്‍ അടുത്ത രണ്ടോവറില്‍ പിടിച്ചെറിഞ്ഞ് തിരിച്ചുവന്നെങ്കിലും പവലിന്‍റെ പവറിന് മുന്നില്‍ അവസാന ഓവറില്‍ 19 റണ്‍സ് വഴങ്ങി. നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ ഉമ്രാന് ഡല്‍ഹിക്കെതിരെയും വിക്കറ്റൊന്നും നേടാനായില്ല. ഉമ്രാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിക്കറ്റ് വീഴ്ത്തുന്നതില്‍ താരം പരാജയപ്പെട്ടത്. 

IPL 2022: ഷോണ്‍ ടെയ്റ്റ് മുതല്‍ ഉമ്രാന്‍ മാലിക്ക് വരെ, ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ പന്തുകള്‍