അവസാനം 5 പന്തില്‍ 22 റണ്‍സെടുത്ത പൊള്ളാര്‍ഡിന്‍റെ പ്രകടനം നിര്‍ണായകമായി

പുനെ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) സൂര്യകുമാര്‍ യാദവ് (Suryakumar Yadav), തിലക് വര്‍മ്മ (Tilak Varma) ബാറ്റിംഗ് ഷോയില്‍ മികച്ച സ്‌കോറിലെത്തി മുംബൈ ഇന്ത്യന്‍സ് (Mumbai Indians). സൂര്യകുമാര്‍ 36 പന്തില്‍ 52 ഉം തിലക് 27 പന്തില്‍ 38* ഉം എടുത്തപ്പോള്‍ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തു. അവസാനം 5 പന്തില്‍ 22 റണ്‍സെടുത്ത പൊള്ളാര്‍ഡിന്‍റെ പ്രകടനം നിര്‍ണായകമായി. 

തകര്‍ച്ചയോടെയായിരുന്നു ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്‍റെ തുടക്കം. ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ 12 പന്തില്‍ വെറും മൂന്ന് റണ്‍സെടുത്ത് ഉമേഷ് യാദവിന്‍റെ ഷോട്ട് പിച്ച് പന്തില്‍ കീഴടങ്ങി. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ഡിവാള്‍ഡ് ബ്രവിസും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 50 കടത്താനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സില്‍ നില്‍ക്കേ ബ്രവിസിനെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ സാം ബില്ലിംഗ്‌സ് സ്റ്റംപ് ചെയ്‌തു. 19 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറുകളോടെ 29 റണ്‍സാണ് അരങ്ങേറ്റ മത്സരത്തില്‍ ബേബി എബിഡി നേടിയത്. 

ഇഷാന്‍ കിഷന്‍റെ പോരാട്ടം 21 പന്തില്‍ 14ല്‍ അവസാനിച്ചു. സീസണിലെ ആദ്യ മത്സരം കളിക്കുന്ന പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്. ഇതോടെ 11 ഓവറില്‍ മുംബൈ 55-3. തിലക് വര്‍മ്മയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈയെ 17-ാം ഓവറില്‍ 100 കടത്തിയത്. സൂര്യകുമാര്‍ 34 പന്തില്‍ ഫിഫ്റ്റി തികച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ സൂര്യകുമാറിനെ കമ്മിന്‍സ് പുറത്താക്കി. എന്നാല്‍ പിന്നാലെ പൊള്ളാര്‍ഡ് ആളിക്കത്തിയതോടെ മുംബൈ മികച്ച സ്‌കോറിലെത്തി. തിലകിനൊപ്പം കീറോണ്‍ പൊള്ളാര്‍ഡ് (5 പന്തില്‍ 22) പുറത്താകാതെ നിന്നു. കമ്മിന്‍സിന്‍റെ അവസാന ഓവറില്‍ 23 റണ്‍സ് പിറന്നു. മുംബൈ ഇന്നിംഗ്‌സില്‍ അവസാന 5 ഓവറില്‍ 76 റണ്‍സും. 

രണ്ട് അരങ്ങേറ്റം, ബേബി എബിഡിയെത്തി 

ഇരു ടീമും വന്‍ മാറ്റങ്ങളോടെയാണ് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. കൊല്‍ക്കത്തയില്‍ പേസര്‍മാരായ ടിം സൗത്തിക്ക് പകരം പാറ്റ് കമ്മിന്‍സും ശിവം മാവിക്ക് പകരം അരങ്ങേറ്റക്കാരന്‍ റാസിഖ് സലാമും ഇടംപിടിച്ചു. മുംബൈ നിരയില്‍ അന്‍മോല്‍പ്രീത് സിംഗിന് പകരം ബാറ്റിംഗ് കരുത്തുകൂട്ടാന്‍ സൂര്യകുമാര്‍ യാദവ് എത്തിയപ്പോള്‍ ബേബി ഡിവില്ലിയേഴ്‌സ് എന്ന വിശേഷണമുള്ള ഡിവാള്‍ഡ് ബ്രവിസിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങി. ടിം ഡേവിഡാണ് മുംബൈയുടെ പ്ലേയിംഗ് ഇലവന് പുറത്തായത്. 

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ്, ഡാനിയേല്‍ സാംസ്‍, ഡിവാള്‍ഡ് ബ്രവിസ്, മുരുകന്‍ അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്ര‍േയസ് അയ്യര്‍(ക്യാപ്റ്റന്‍), സാം ബില്ലിംഗ്‌സ്(വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി.

സീസണിന്‍റെ തുടക്കത്തിലെ രാജസ്ഥാന് കനത്ത തിരിച്ചടി; നേഥന്‍ കൂള്‍ട്ടര്‍ നൈല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്ത്