ആരോണ്‍ ഫിഞ്ച് കൂടി കൊല്‍ക്കത്ത ടീമിലെത്തിയതോടെ ഓസ്ട്രേലിയയുടെ ടെസ്റ്റ്, വൈറ്റ് ബോള്‍ നായകന്‍മാര്‍ ഒരു ടീമില്‍ കളിക്കുന്നുവെന്ന സവിശേഷതയുമായി. ഓസീസ് ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമിന്‍സും കൊല്‍ക്കത്തയ ടീമിലുണ്ട്.

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) ടീമുകള്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും ഓസ്ട്രേലിയന്‍ ഏകദിന, ടി20 നായകനായ ആരോണ്‍ ഫിഞ്ച്(Aaron Finch) ഇത്തവണ ഐപിഎല്ലില്‍ കളിക്കും. മുന്‍ ആര്‍സിബി(RCB) താരമായ ആരോണ്‍ ഫിഞ്ചിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders) ആണ് പകരക്കാരനായി ടീമിലെടുത്തത്.

ബയോ ബബ്ബിളില്‍ കഴിയാനാവില്ലെന്ന കാരണം പറഞ്ഞ് പിന്‍മാറിയ ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയില്‍സിന്(Alex Hales) പകരമാണ് ഫിഞ്ച് കൊല്‍ക്കത്തയിലെത്തിയത്.ആരോണ്‍ ഫിഞ്ച് കൂടി കൊല്‍ക്കത്ത ടീമിലെത്തിയതോടെ ഓസ്ട്രേലിയയുടെ ടെസ്റ്റ്, വൈറ്റ് ബോള്‍ നായകന്‍മാര്‍ ഒരു ടീമില്‍ കളിക്കുന്നുവെന്ന സവിശേഷതയുമായി. ഓസീസ് ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമിന്‍സും കൊല്‍ക്കത്തയ ടീമിലുണ്ട്.

കഴിഞ്ഞ ബിഗ് ബാഷ് സീസണില്‍ സിഡ്നി തണ്ടേഴ്സിനായി കളിച്ച ഹെയില്‍സ് പിന്നാലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുനൈറ്റഡിനായും കളിച്ചിരുന്നു. ഇതിനുപിന്നാലെ നടക്കുന്ന ഐപിഎല്ലിലെ ബയോ ബബ്ബിളില്‍ തുടരുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെയില്‍സ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്.

Scroll to load tweet…

വീട്ടില്‍ നിന്ന് കഴിഞ്ഞ നാലു മാസമായി വിട്ടു നില്‍ക്കുകയാണെന്നും അതിനിടെ കൊവിഡ് പൊസറ്റീവയതും ഇനിയും ബയോ ബബ്ബിളില്‍ തുടരാന്‍ കഴിയാത്തതുമാണ് പിന്‍മാറ്റത്തിന് കാരണമെന്നും ഹെയില്‍സ് വിശദീകരിച്ചു. ലേലത്തില്‍ തന്നെ ടീമിലെടുത്ത കൊല്‍ക്കത്ത ടീം മാനേജ്മെന്‍റിനോടും കോച്ച് ബ്രെണ്ടന്‍ മക്കല്ലത്തോടും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോടും നന്ദിയുണ്ടെന്നും ഹെയില്‍സ് പറഞ്ഞു. ഐപിഎല്‍ താരലേലത്തില്‍ ഒന്നര കോടി രൂപക്കാണ് ഹെയില്‍സിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

അതേസമയം, ഒന്നര കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഫിഞ്ചിന് താരലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. ഹെയില്‍സ് പിന്‍മാറിയതോടെ അടിസ്ഥാന വിലക്കുതന്നെ കൊല്‍ക്കത്ത ഫിഞ്ചിനെ ടീമിലെത്തിച്ചു. 2020ലാണ് ഫിഞ്ച് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ആര്‍സിബി കുപ്പായത്തില്‍ ഇറങ്ങിയ ഫിഞ്ചിന് പക്ഷെ തിളങ്ങാനായില്ല. 12 മത്സരങ്ങളില്‍ 111.20 സ്ട്രൈക്ക് റേറ്റില്‍ 268 റണ്‍സ് നേടിയ ഫിഞ്ചിനെ അടുത്ത സീസണില്‍ ആര്‍സിബി കൈവിട്ടിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് കിരീടം സമ്മാനിച്ചെങ്കിലും ബാറ്ററെന്ന നിലയില്‍ തിളങ്ങാന്‍ ഫിഞ്ചിനായിരുന്നില്ല. ഏഴ് കളികളില്‍ 135 റണ്‍സ് മാത്രമായിരുന്നു ഓസീസ് നായകന്‍റെ സമ്പാദ്യം. അതേസമയം, ലോകകപ്പിനുശേഷം നടന്ന ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ പത്ത് മത്സരങ്ങളില്‍ 386 റണ്‍സടിച്ച ഫിഞ്ച് മെല്‍ബണ്‍ റെനഗെഡ്സിന്‍റെ ടോപ് സ്കോററായിരുന്നു.