മുന്‍ സിംബാബ്‌വെ ക്യാപ്റ്റനും ഇംഗ്ലണ്ട് പരിശീലകനുമായിരുന്ന ആന്‍ഡി ഫ്ലവറെ ലക്നോ ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.
ലക്‌നോ: ഐപിഎല്ലിലെ(IPL) പുതിയ ടീമായ ലക്നോ ടീമിന്‍റെ(Lucknow franchise) മെന്‍ററായി(team mentor) മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായി ഗൗതം ഗംഭീറിനെ(Gautam Gambhir) നിയമിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ കൂടിയായിരുന്ന ഗംഭീര്‍ കൊല്‍ക്കത്തക്ക് രണ്ട് കിരീടങ്ങള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ലക്നോ ടീം ഉടമ സഞ്ജീവ് ഗോയങ്കയാണ്(Sanjiv Goenka) ഗംഭീറിനെ മെന്‍ററായി നിയമിച്ച കാര്യം വ്യക്തമാക്കിയത്.
ഐപിഎല്ലില്‍ 154 മത്സരങ്ങള്‍ കളിച്ചിട്ടുളള ഗംഭീര്‍ 31.23 ശരാശരിയില്‍ 4217 റണ്‍സടിച്ചിട്ടുണ്ട്. 36 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ഗംഭീര്‍ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ പത്താം സ്ഥാനത്തുണ്ട്. നേരത്തെ മുന്‍ സിംബാബ്‌വെ ക്യാപ്റ്റനും ഇംഗ്ലണ്ട് പരിശീലകനുമായിരുന്ന ആന്‍ഡി ഫ്ലവറെ(Andy Flower) ലക്നോ ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. 2011ല്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് കൊല്‍ക്കത്ത ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത ഗംഭീര്‍ അവരെ 2012ലുംവ 2014ലും കീരിടത്തിലേക്ക് നയിച്ചു. ടീമിന്‍റെ മെന്‍ററായി തെരഞ്ഞെടുത്തതില്‍ ലക്നോ ടീം ഉടമ സഞ്ജീവ് ഗോയങ്കയോട് ഗംഭീര്‍ നന്ദി പറഞ്ഞു.
തന്നിലിപ്പോഴും ജയിക്കാനുള്ള ആവേശം അണയാതെ കിടക്കുന്നുണ്ടെന്നും ഉത്തര്‍പ്രേദശിന്‍റെ ആവേശവും ആത്മാവുമാവാന്‍ ലക്നോ ടീമിനൊപ്പം പൊരുതുമെന്നും ഗംഭീര്‍ർ വ്യക്തമാക്കി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍റേറ്ററായും തിളങ്ങിയ ഗംഭീര്‍ ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ക്രിക്കറ്റ് രംഗത്ത് സജീവമല്ല. എങ്കിലും ട്വീറ്റുകളിലൂടെയും കോളങ്ങളിലൂടെയും തന്‍റെ അഭിപ്രായം തുറന്നു പറയാന്‍ ഗംഭീര്‍ മടിക്കാറുമില്ല.
പുതിയ രണ്ട് ഐപിഎല്‍ ടീമുകള്‍ക്കായുള്ള ലേലത്തില്‍ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ്‌ജി(RPSG) ഗ്രൂപ്പ് 7090 കോടി രൂപ മുടക്കിയാണ് ലക്നോ ടീമിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണൊടുവില്‍ പഞ്ചാബ് കിംഗ്സ് ടീം വിട്ട കെ എല്‍ രാഹുല്‍ ലക്നോ ടീമിന്‍റെ നായകനായി എത്തുമെന്നാണ് കരുതുന്നത്.
രാഹുലിനൊപ്പം മുംബൈ ടീം കൈവിട്ട ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഡല്‍ഹി ക്യാപിറ്റല്‍സില്‍ നായകസ്ഥാനം നഷ്ടമായ ശ്രേയസ് അയ്യരെയും ലക്നോവില്‍ എത്തിക്കാനുള്ള ശ്രമങ്ങളും ടീം ഉടമകള്‍ സജീവമാക്കിയിട്ടുണ്ട്. ലക്നോവിന് പുറമെ 5624 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമായി ടീമിനെ സിവിസി ക്യാപിറ്റലും(CVC Capital) സ്വന്തമാക്കിയിട്ടുണ്ട്.
