അവസാന നാലോവറില്‍ ജയത്തിലേക്ക് 56 റണ്‍സായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. പ്രിട്ടോറിയസ് എറിഞ്ഞ പതിനേഴാം ഓവറില്‍ 9 റണ്‍സടിച്ച ലഖ്നൗ ഡ്വയിന്‍ ബ്രാവോയുടെ പതിനെട്ടാം ഓവറില്‍ 12 റണ്‍സടിച്ചു. എന്നാല്‍ ശിവം ദുബെ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ച് ലഖ്നൗ വിജയത്തിന് അടുത്തെത്തി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൈവിട്ടുവെന്ന് കരുതിയ കളി അവസാന ഓവറുകലിലെ അവിശ്വസനീയ ബാറ്റിംഗിലൂടെ തിരിച്ചുപിടിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് (CSK vs LSG) ഉയര്‍ത്തിയ 211 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ലൂയിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും യുവതാരം ആയുഷ് ബദോനിയുടെ മിന്നലടികളുടെയും കരുത്തില്‍ ലഖ്‌നൗ മൂന്ന് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റ് ലക്ഷ്യത്തില്‍ മറികടന്നു. 23 പന്തില്‍ 55 റണ്‍സുമായി ലൂയിസും 9 പന്തില്‍ 19 റണ്‍സെടുത്ത ബദോനിയും പുറത്താകാതെ നിന്നു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 210-7, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 19.3 ഓവറില്‍ 211-3.

തിരികൊളുത്തി രാഹുലും ഡീകോക്കും

ചെന്നൈയുടെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗവിനായി ഓപ്പണിംഗ് വിക്കറ്റില്‍ 10.2 ഓവറില്‍ 99 റണ്‍സടിച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡീകോക്കും മികച്ച തുടക്കമിട്ടു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സായിരുന്നു ലഖ്നൗ നേടിയത്. 26 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെയും 45 പന്തില്‍ 61 റണ്‍സെടുത്ത ഡീകോക്കിനെയും പ്രിട്ടോറിയസ് മടക്കി. പിന്നാലെ അഞ്ച് റണ്‍സെടുത്ത മനീഷ് പാണ്ഡെയെ വീഴ്ത്തി തുഷാര്‍ ദേശ്‌പാണ്ഡെ ലഖ്നൗവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയെങ്കിലും ആദ്യം ദീപക് ഹൂഡക്കൊപ്പവും(8 പന്തില്‍ 13) പിന്നീട് ആയുഷ് ബദോനിക്കൊപ്പവും ലൂയിസ് തകര്‍ത്തടിച്ചു.

അവസാന നാലോവറില്‍ ജയത്തിലേക്ക് 56 റണ്‍സായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. പ്രിട്ടോറിയസ് എറിഞ്ഞ പതിനേഴാം ഓവറില്‍ 9 റണ്‍സടിച്ച ലഖ്നൗ ഡ്വയിന്‍ ബ്രാവോയുടെ പതിനെട്ടാം ഓവറില്‍ 12 റണ്‍സടിച്ചു. എന്നാല്‍ ശിവം ദുബെ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ച് ലഖ്നൗ വിജയത്തിന് അടുത്തെത്തി. മുകേഷ് ചൗധരി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ വൈഡായപ്പോള്‍ അടുത്ത പന്തില്‍ സിക്സ് അടിച്ച് ബദോനി വിജയം അനായാസമാക്കി.

ഡീ കോക്കിനെ കൈവിട്ട് അലി

ഡ്വയിന്‍ ബ്രാവോ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഡീ കോക്ക് നല്‍കിയ അനായാസ ക്യാച്ച് മൊയീന്‍ അലി കൈവിട്ടത് മത്സരഫലത്തില്‍ നിര്‍മായകമായി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 27 പന്തില്‍ റണ്‍സെടുത്ത ഉത്തപ്പ യാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 30 പന്തില്‍ 49 റണ്‍സെടുത്തു.

പവര്‍പ്ലേയില്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ കുതിച്ച ചെന്നെ മധ്യ ഓവറുകളില്‍ ശിവം ദുബെയുടെ ബാറ്റിഗ് മികവിലാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേര്‍ന്ന് ചെന്നൈയെ 200 കടത്തി.

നേരത്തെ ടോസ് നേടിയ ലഖ്നൗ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങിയത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി ചെന്നൈ നിരയില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കന്‍ താരം ഡ്വയിന്‍ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ലഖ്നൗ ടീമിലും ഒരു മാറ്റമുണ്ട്. ആന്‍ഡ്ര്യു ടൈ ലഖ്നൗവിനായി ഇന്ന് അരങ്ങേറ്റം കുറിച്ചു.