ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തില്‍ 140 ഉം രാഹുല്‍ 51 പന്തില്‍ 68 ഉം റണ്‍സുമായി പുറത്താകാതെ നിന്നു

മുംബൈ: ഐപിഎല്ലില്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ(Quinton de Kock) അവിശ്വസനീയ വെടിക്കെട്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്(Lucknow Super Giants) കൂറ്റന്‍ സ്‌കോര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ(Kolkata Knight Riders) ടോസ് നേടി ആദ്യം ബാറ്റിംഗിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തില്‍ 10 വീതം ഫോറും സിക്‌സും സഹിതം 140* ഉം രാഹുല്‍(KL Rahul) 51 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 68* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

ഗംഭീര തുടക്കമാണ് കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡികോക്കും ലഖ്‌നൗവിന് നല്‍കിയത്. മൂന്നാം ഓവറില്‍ 12 റണ്‍സില്‍ നില്‍ക്കേ വീണുകിട്ടിയ അവസരം മുതലാക്കി അടി തുടങ്ങിയത് ഡികോക്ക് ആണെങ്കിലും രാഹുല്‍ പിന്നാലെ ഏറ്റെടുക്കുകയായിരുന്നു. ഡികോക്ക് 36 പന്തിലും രാഹുല്‍ 41 പന്തിലും ഫിഫ്റ്റി തികച്ചതോടെ ലഖ്‌നൗ 13 ഓവറില്‍ 100 കടന്നു. 15 ഓവറില്‍ 122-0 ആയിരുന്നു ടീം സ്‌കോര്‍. വരുണ്‍ ചക്രവര്‍ത്തിയെ 16-ാം ഓവറില്‍ 18 റണ്‍സടിച്ച് ഡികോക്ക് ആളിക്കത്തി. 

18-ാം ഓവറിലെ ആദ്യ പന്തിലാണ് ടീം സ്‌കോര്‍ 150 തികഞ്ഞത്. ഇതേ ഓവറില്‍ ഡികോക്ക് തന്‍റെ 59-ാം പന്തില്‍ സെഞ്ചുറിയിലെത്തി. പിന്നാലെ ഡികോക്ക് സിക്‌സര്‍ മഴ പെയ്യിച്ചു. റസലിന്‍റെ 18-ാം ഓവറില്‍ 15 ഉം സൗത്തിയുടെ 19-ാം ഓവറില്‍ നാല് സിക്‌സ് സഹിതം 27 ഉം റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവര്‍ റസല്‍ എറിയാന്‍ വന്നപ്പോള്‍ മൂന്നാം പന്തില്‍ സ്‌കോര്‍ 200 കടന്നു. ഈ ഓവറില്‍ 19 റണ്‍സ് നേടി ലഖ്‌നൗ 210ല്‍ എത്തുകയായിരുന്നു. അവസാന 5 ഓവറില്‍ 71 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 

മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യ, ദുഷ്‌മന്ത ചമീര, ആയുഷ് ബദോനി എന്നിവര്‍ക്ക് പകരം മനന്‍ വോറ, ലൂയിസ് ലെവിസ്, കെ ഗൗതം എന്നിവര്‍ക്ക് അവസരം തെളിഞ്ഞു. കൊല്‍ക്കത്തയില്‍ പരിക്കേറ്റ അജിന്‍ക്യ രഹാനെയ്‌ക്ക് പകരം അഭിജീത് തോമര്‍ പ്ലേയിംഗ് ഇലവനിലെത്തി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അഭിജീത് തോമര്‍ , ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിംഗ്‌സ്(വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), എവിന്‍ ലെവിസ്, ദീപക് ഹൂഡ, മനന്‍ വോറ, മാര്‍ക്കസ് സ്റ്റോയിനിസ്, ജേസന്‍ ഹോള്‍ഡര്‍, കെ ഗൗതം, മൊഹ്‌സീന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയി.