ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഹിറ്റ്‌മാനും രാജസ്ഥാന്‍ റോയല്‍സിന്‍റെ കേരള ഹിറ്റ്‌മാനും മുഖാമുഖം
നവി മുംബൈ: ഐപിഎല്ലിൽ (IPL 2022) സഞ്ജു സാംസണും (Sanju Samson) രോഹിത് ശർമ്മയും (Rohit Sharma) ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരയ്ക്കാണ് മുംബൈ ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് (MI vs RR) പോരാട്ടത്തിന് തുടക്കമാവുക. ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയും (Mahela Jayawardene) കുമാർ സംഗക്കാരയും (Kumar Sangakkara) നേർക്കുനേർ വരുന്ന പോരാട്ടം കൂടിയാണിത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റു. പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസ്.
മലയാളി താരങ്ങളായ സഞ്ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. സഞ്ജു ആദ്യ മത്സരത്തിൽ അതിവേഗ അർധസെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 61 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സഞ്ജുവും രാജസ്ഥാനും ഐപിഎല്‍ പതിനഞ്ചാം സീസണ് വിജയത്തുടക്കമിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 41 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഏയ്‌ഡന്‍ മാര്‍ക്രവും വാലറ്റത്ത് തകര്‍ത്തടിച്ച വാഷിംഗ്‌ടണ്‍ സുന്ദറും(14 പന്തില്‍ 40) ഹൈദരാബാദിന്‍റെ തോല്‍വിഭാരം കുറച്ചത്.
രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്‌ണയും ട്രെന്‍റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതമെടുത്തു. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 210-6, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 149-7. നേരത്തെ 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജു സാംസണായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. സഞ്ജുവിന്‍റെ ബാറ്റിഗ് വെടിക്കെട്ട് മുംബൈക്കെതിരെയും പ്രതീക്ഷിക്കുകയാണ് ആരാധകര്‍.
