നേട്ടത്തിലെത്താനായാല്‍ ടി20യില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ഏഴാം താരവുമാകും രോഹിത് ശര്‍മ്മ

നവി മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) ഇന്ന് നേരിടുമ്പോള്‍ സുപ്രധാന നാഴികക്കല്ലിനരികെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma). ടി20 ക്രിക്കറ്റില്‍ (T20) വിരാട് കോലിക്ക് (Virat Kohli) ശേഷം പതിനായിരം റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് അരികിലാണ് രോഹിത്. ഹിറ്റ്‌മാന് (Hitman) 64 റണ്‍സ് കൂടിയാണ് ഇതിനായി വേണ്ടത്. ഇന്ത്യന്‍ താരങ്ങളില്‍ കിംഗ് കോലിക്ക് മാത്രമേ കുട്ടിക്രിക്കറ്റില്‍ പതിനായിരം ക്ലബില്‍ അംഗത്വം ഇതുവരെ നേടാനായിട്ടുള്ളൂ. 

371 ടി20 മത്സരങ്ങളില്‍ 9936 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. വിരാട് കോലിക്കാവട്ടേ 328 കളികളില്‍ 10,326 റണ്‍സും. നേട്ടത്തിലെത്താനായാല്‍ ടി20യില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ഏഴാം താരവുമാകും രോഹിത് ശര്‍മ്മ. ക്രിസ് ഗെയ്‌ല്‍(14,562), ഷൊയൈബ് മാലിക്(11,698), കീറോണ്‍ പൊള്ളാര്‍ഡ്(11,430), ആരോണ്‍ ഫിഞ്ച്(10,444), വിരാട് കോലി(10,326), ഡേവിഡ് വാര്‍ണര്‍(10,308), രോഹിത് ശര്‍മ്മ(9936) എന്നിങ്ങനെയാണ് റണ്‍വേട്ടക്കാരുടെ പട്ടിക. രാജ്യാന്തര ടി20യില്‍ 3313 റണ്‍സുള്ള രോഹിത് ഐപിഎല്ലില്‍ 5652 റണ്‍സ് ഇതിനകം പേരിലാക്കിയിട്ടുണ്ട്. 

മുംബൈ ഇന്ത്യന്‍സിന് ആശ്വാസം

ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരയ്ക്കാണ് മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് കളി തുടങ്ങുക. സഞ്ജു സാംസണും രോഹിത് ശർമ്മയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റിരുന്നു. പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. 

അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസ്. മുംബൈക്കെതിരെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റത്തിന് രാജസ്ഥാന്‍ മുതിര്‍ന്നേക്കും. മലയാളി താരങ്ങളായ സഞ്ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. സഞ്ജു ആദ്യ മത്സരത്തിൽ അതിവേഗ അർധസെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഐപിഎല്ലില്‍ ഇരുടീമും മുമ്പ് 25 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് 13ലും രാജസ്ഥാൻ റോയല്‍സ് 11 കളിയിലും ജയിച്ചു. ഈ സീസണിന് മുന്നോടിയായി മെഗാതാരലേലം നടന്നതിനാല്‍ ഏറെ മാറ്റം ടീമുകളില്‍ വന്നത് വിധിനിര്‍ണയത്തില്‍ നിര്‍ണായകമാകും.

IPL 2022 : രോഹിത്തിന്‍റെ മുംബൈയെ മലര്‍ത്തിയടിക്കുമോ സഞ്ജുവിന്‍റെ രാജസ്ഥാന്‍? അറിയേണ്ട കണക്കുകള്‍