2018ൽ ആദ്യ നാല് കളിയിലും 2014ൽ ആദ്യ അഞ്ച് കളിയിലും മുംബൈ ഇന്ത്യൻസ് തോറ്റു. അപ്പോഴൊക്കെ ടീം ശക്തമായി തിരിച്ചുവന്നു. എന്നാൽ ഇത്തവണ അത് സാധ്യമല്ലെന്നാണ് മുൻതാരം ഇർഫാൻ പത്താന്‍റെ വിലയിരുത്തൽ. ജസ്പ്രീത് ബുമ്രക്ക് പിന്തുണ നൽകാൻ കഴിയുന്നൊരു ബൗളറില്ല എന്നതാണ് മുംബൈ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും പത്താന്‍ പറഞ്ഞു.

മുംബൈ: തോറ്റു തുടങ്ങിയാലും കിരീടം നേടുന്നത് ശീലമാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്(Mumbai Indians). ഇത്തവണ മുംബൈ ഇന്ത്യൻസ് ഈ മികവ് ആവർത്തിക്കില്ലെന്ന് ഇർഫാൻ പഠാൻ പറയുന്നു. ആദ്യ നാല് കളിയിലും തോറ്റശേഷമായിരുന്നു 2015ൽ മുംബൈ ഇന്ത്യൻസ് കീരീടം നേടിയത്.

2018ൽ ആദ്യ നാല് കളിയിലും 2014ൽ ആദ്യ അഞ്ച് കളിയിലും മുംബൈ ഇന്ത്യൻസ് തോറ്റു. അപ്പോഴൊക്കെ ടീം ശക്തമായി തിരിച്ചുവന്നു. എന്നാൽ ഇത്തവണ അത് സാധ്യമല്ലെന്നാണ് മുൻതാരം ഇർഫാൻ പത്താന്‍റെ വിലയിരുത്തൽ. ജസ്പ്രീത് ബുമ്രക്ക് പിന്തുണ നൽകാൻ കഴിയുന്നൊരു ബൗളറില്ല എന്നതാണ് മുംബൈ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും പത്താന്‍ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ മുമ്പും തിരിച്ചുവന്നിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2015 ഐപിഎല്ലിലും അവര്‍ സമാന സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷെ അന്നത്തെ ടീമല്ല ഇന്നത്തേത്. താരലേലത്തിൽ ടീം ആകെ ഉലഞ്ഞുപോയി. ക്വിന്‍റൺ ഡി കോക്കും, പണ്ഡ്യ സഹോദരൻമാരും ട്രെന്‍റ് ബോള്‍ട്ടും, രാഹുൽ ചഹറുമെല്ലാം മുംബൈ വിട്ടുപോയി.

ജസ്പ്രീത് ബുമ്രയുടെ നാലോവർ മാറ്റിനിർത്തിയാൽ എന്തുസംഭവിക്കുമെന്ന് എത്തുംപിടിയുമില്ല. ഡാനിയേൽ സാംസിനും ബേസിൽ തമ്പിക്കും ജയദേവ് ഉനദ്‌ഘട്ടിനും ടൈമൽ മിൽസിനും റൺസ് നിയന്ത്രിക്കാനാവുന്നില്ല.ഇതോടെ രോഹിത്തിന്‍റെ തന്ത്രങ്ങളെല്ലാം പാളുന്നു. ബുമ്രയ്ക്കൊപ്പം മറ്റ് പേസർമാർ അവസരത്തിനൊത്ത് ഉയരാതെ മുംബൈയ്ക്ക് ഇത്തവണ രക്ഷയില്ല. മഹാരാഷ്ട്രയിലെ പിച്ചുകള്‍ പൊതുവെ പേസര്‍മാരെ തുണക്കുന്നതാണ്. എന്നാല്‍ ഇത്തവണ പേസ് നിരയില്‍ ബുമ്രക്ക് പറ്റിയൊരു പങ്കാളിയില്ലെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

ബൗളിംഗിനെ അപേക്ഷിച്ച് മുംബൈയുടെ ബാറ്റിംഗ് കുറേക്കൂടി മെച്ചമാണെന്നും പത്താന്‍ പറഞ്ഞു. ബാറ്റിംഗ് നിരയില്‍ യുവതാരം തിലക് വര്‍മയും, ഇഷാന്‍ കിഷനും സൂര്യകുമാറുമെല്ലാം പ്രതീക്ഷയാണ്. അപ്പോഴും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കെയ്റോൺ പൊള്ളാര്‍ഡിന്‍റെയും മങ്ങിയ പ്രകടനം തിരിച്ചടിയാവുന്നുണ്ടെന്നും പത്താന്‍ പറഞ്ഞു.