സീസണില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്‌തമിച്ചിരുന്നു. 

മുംബൈ: ഐപിഎല്ലില്‍ (IPL) ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians vs Kolkata Knight Riders) നേരിടും. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (DY Patil Sports Academy) വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണില്‍ രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് വന്‍ നാണക്കേട് ഒഴിവാക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി. കൊല്‍ക്കത്തയുടെ കാര്യവും ആശാവഹമല്ല. നാല് ജയങ്ങളുമായി മുംബൈയുടെ തൊട്ടുമുകളിലാണ് കെകെആറിന്‍റെ സ്ഥാനം. 

സീസണില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് വിജയിച്ചത്. എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്‌തമിച്ചിരുന്നു. അതിനാല്‍ ജയങ്ങളുമായി സീസണ്‍ അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാകുന്നു. മത്സരം മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ ഇരുവരും 74 റണ്‍സ് ചേര്‍ത്തിരുന്നു. ഗുജറാത്തിനെതിരെ 21 പന്തില്‍ പുറത്താകാതെ 44 റണ്‍സെടുത്ത ടിം ഡേവിഡ് സ്ഥാനം നിലനിര്‍ത്തും. 

കൊല്‍ത്തയാവട്ടെ അവസാന കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് 75 റണ്‍സിന് ദയനീയമായി തോറ്റു. 176 റണ്‍സ് പിന്തുടര്‍ന്ന കെകെആര്‍ 14.3 ഓവറില്‍ വെറും 101ല്‍ പുറത്താവുകയായിരുന്നു. 19 പന്തില്‍ 45 റണ്‍സെടുത്ത ആന്ദ്രേ റസലും 12 പന്തില്‍ 22 റണ്‍സെടുത്ത സുനില്‍ നരെയ്‌നും മാത്രമാണ് പൊരുതി നോക്കിയത്. മികച്ച തുടക്കം കിട്ടിയ ശേഷം തോല്‍വികളുമായി പ്രതിസന്ധിയിലാവുകയായിരുന്നു ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴേ‌സ്. 

ആശങ്ക പൊള്ളാര്‍ഡിന്‍റെ ഫോം 

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെ മോശം ഫോം മുംബൈ ഇന്ത്യന്‍സിന് ബാധ്യതയാവുകയാണ്. 10 കളിയിൽ ടീമിലുണ്ടായിട്ടും ഒരിക്കല്‍ പോലും 30 കടക്കാന്‍ പൊള്ളാര്‍ഡിനായില്ല. ബൗളിംഗിലും മൂര്‍ച്ചയില്ലാത്ത പൊള്ളാര്‍ഡിനെയാണ് ഇക്കുറി ഇതുവരെ ആരാധകര്‍ കണ്ടത്. പൊള്ളാര്‍ഡ് 10 കളിയിൽ നേടിയത് 129 റൺസെങ്കില്‍ സ്ട്രൈക്ക് റേറ്റ് 109.32 മാത്രമാണ്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും നിരാശാജനമായ പ്രകടനമാണ് പൊള്ളാര്‍ഡില്‍ നിന്ന് പുറത്തുവന്നത്. 

IPL 2022 : പൊളിയാവാതെ പൊള്ളാര്‍ഡ്; എന്ത് ചെയ്യും മുംബൈ ഇന്ത്യന്‍സ്?