കൊല്‍ക്കത്തയുടെ മൂന്നാം മത്സരമാണിത്. ഒരു ജയവും തോല്‍വിയുമാണ് അവര്‍ക്കുള്ളത്. അവസാന മത്സത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റു. പഞ്ചാബ് രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് നഷ്ടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ഒടുവിവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ അഞ്ചിന് 86 എന്ന നിലയിലാണ്. മായങ്ക് അഗര്‍വാള്‍ (1), ശിഖര്‍ ധവാന്‍ (16), ഭാനുക രജപക്‌സ (31), ലിയാം ലിവിംഗ്സ്റ്റണ്‍ (19), രാജ് ബാവ (11) എന്നിവരാണ് പുറത്തായത്.

ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്കിനെ (Mayank Agarwal) നഷ്ടമായി. ഉമേഷ് യാദവിന്റെ (Umesh Yadav) പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. നാലാം ഓവറില്‍ ശിഖര്‍ ധവാനും മടങ്ങി. 16 റണ്‍സെടുത്ത ധവാനെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്‌സിന്റെ കൈകളിലെത്തിച്ചു. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് രജപക്‌സയും മടങ്ങി. ഒരു ചെറിയ വെടികെട്ട് നടത്തിയാണ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ മടങ്ങിയത്. കേവലം ഒമ്പത് പന്തില്‍ നിന്നാണ് രജപക്‌സ 31 റണ്‍സെടുത്തു. ഇതില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. ലിവിംഗ്‌സറ്റണ്‍ വീണ്ടും നിരാശപ്പെടുത്തി. ഉമേഷിന്റെ പന്തില്‍ ലോംഗ് ഓഫില്‍ സൗത്തിക്ക് ക്യാച്ച്. രാജ് ബാവ (11) സുനില്‍ നരെയ്ന്‍ ബൗള്‍ഡാക്കി. ഷാരുഖ് ഖാന്‍ (0), ഹര്‍പ്രീത് ബ്രാര്‍ (2) എന്നിവരാണ് ക്രീസില്‍. 

നേരത്തെ ഓരോ മാറ്റം വരുത്തിയാണ് ഇരുവരും ഇറങ്ങിയത്. കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സണിന് പകരം ശിവം മാവിയെ ടീമിലെത്തി. സാം ബില്ലിംഗ്‌സ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. പഞ്ചാബിന് വേണ്ടി ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ സീസണിലെ ആദ്യ മത്സരം കളിക്കും. സന്ദീപ് ശര്‍മയാണ് പുറത്തായത്.

കൊല്‍ക്കത്തയുടെ മൂന്നാം മത്സരമാണിത്. ഒരു ജയവും തോല്‍വിയുമാണ് അവര്‍ക്കുള്ളത്. അവസാന മത്സത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റു. പഞ്ചാബ് രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെയാണ് തോല്‍പ്പിച്ചത്. 

പഞ്ചാബ് കിംഗ്‌സ് : മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്‌സറ്റണ്‍, ഭാനുക രജപക്‌സ, ഷാരുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.