6 കളിയിൽ 4 ജയമുള്ള രാജസ്ഥാന്‍ റോയൽസ്. മൂന്ന് ജയവും മൂന്ന് തോൽവിയുമായി ഡൽഹി ക്യാപ്പിറ്റല്‍സ്. യുവ വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന ടീമുകള്‍ വാങ്കഡേയിൽ മുഖാമുഖം. 

മുംബൈ: ഐപിഎല്ലിൽ സ‍ഞ്ജുവിന്‍റെ രാജസ്ഥാന് ഇന്ന് സീസണിലെ ഏഴാം മത്സരം. ഡൽഹി ക്യാപ്പിറ്റല്‍സ് ആണ് എതിരാളികൾ. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം

6 കളിയിൽ 4 ജയമുള്ള രാജസ്ഥാന്‍ റോയൽസ്. മൂന്ന് ജയവും മൂന്ന് തോൽവിയുമായി ഡൽഹി ക്യാപ്പിറ്റല്‍സ്. യുവ വിക്കറ്റ് കീപ്പര്‍മാര്‍ നയിക്കുന്ന ടീമുകള്‍ വാങ്കഡേയിൽ മുഖാമുഖം. ഓറഞ്ച് ക്യാപ്പിനുടമായ ജോസ് ബട്‍ലര്‍ എത്രസമയം ക്രീസില്‍ നിൽക്കുമെന്നത് രാജസ്ഥാന് നിര്‍ണായകം.

അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ഹെറ്റ്മയറും ഒരുപരിധി വരെ സഞ്ജുവും തിളങ്ങുന്നുണ്ടെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ വിശ്വാസം പോരാ. 17 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹല്‍ ആണ് സീസണിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമത്.

പവര്‍പ്ലേയിൽ കൃത്യത പാലിച്ചിരുന്ന റോയൽസ് ബൗളിംഗിന് ഏറ്റവും വലിയ വെല്ലുവിളിയാകും ക്യാപ്പിറ്റല്‍സ് ഓപ്പണര്‍മാര്‍. ഡേവിഡ് വാര്‍ണര്‍ പൃഥ്വി ഷോ സഖ്യം കഴിഞ്ഞ 4 കളിയിലായി 27 ഓവറില്‍ അടിച്ചുകൂട്ടിയത് 293 റൺസ്. ട്രെന്‍റ് ബോള്‍ട്ടിലൂടെ ക്യാപിറ്റല്‍സിനെ മെരുക്കാമെന്നാകും സ‌ഞ്ജുവിന്‍റെ കണക്കുകൂട്ടൽ.

അഞ്ചാം ജയത്തോടെ ഗുജറാത്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ രാജസ്ഥാനായേക്കും. ഡൽഹിക്ക് ആണ് ജയമെങ്കില്‍ മൂന്നാം സ്ഥാനം ഉറപ്പ്