കഴിഞ്ഞ സീസണിന്‍റെ അവസാനത്തോടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലി ബാറ്റര്‍ എന്ന നിലയില്‍ മാത്രമാകും ഈ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ കളിക്കുക

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) തുടക്കമാകാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പുതിയ നായകന് കീഴിലെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) ബാറ്റിംഗ് ലൈനപ്പാണ് ആകാക്ഷയുണര്‍ത്തുന്ന കാര്യങ്ങളിലൊന്ന്. നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലി (Virat Kohli) ഏത് സ്ഥാനത്ത് ബാറ്റേന്തും എന്നാണ് ആര്‍സിബി (RCB) ആരാധകര്‍ക്ക് കൂടുതലറിയേണ്ടത്. 

ആര്‍സിബിക്കായി വിരാട് കോലി ഓപ്പണ്‍ ചെയ്യുന്നത് തുടരണമെന്നും അതല്ല, മൂന്നാം നമ്പറിലേക്കിറങ്ങി ബാറ്റിംഗിന് കൂടുതല്‍ ആഴം നല്‍കുകയാണ് കിംഗ് വേണ്ടത് എന്നും വാദിക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ തന്‍റെ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ കുപ്പായത്തില്‍ കോലിയുടെ പരിശീലകനായിരുന്ന രവി ശാസ്‌ത്രി.

'ടീമിന്‍റെ സന്തുലിതാവസ്ഥ പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടത്. ആര്‍സിബിയുടെ മധ്യനിര എങ്ങനെയെന്ന് എനിക്കറിയില്ല. അവര്‍ക്ക് ശക്തമായ മധ്യനിര ബാറ്റര്‍മാരുണ്ടെങ്കില്‍ കോലി ഓപ്പണ്‍ ചെയ്യുന്നതില്‍ തടസമില്ല' എന്നും രവി ശാസ്‌ത്രി പറഞ്ഞു. കോലി ഓപ്പണ്‍ ചെയ്യുന്നത് തുടരണമെന്ന് ആര്‍സിബി മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ എല്ലാ സീസണിലും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഓപ്പണിംഗ് തന്നെയാണ് ഉചിതമെന്ന് എല്ലാ സീസണിന്‍റേയും ഒടുവില്‍ വ്യക്തമാകുന്നു, പവര്‍പ്ലേ ഓവറുകളില്‍ കോലി വിജയമാണ്' എന്നുമായിരുന്നു വെട്ടോറിയുടെ വാക്കുകള്‍. 

കഴിഞ്ഞ സീസണിന്‍റെ അവസാനത്തോടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലി ബാറ്റര്‍ എന്ന നിലയില്‍ മാത്രമാകും ഈ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ കളിക്കുക. കോലിക്ക് പകരം ഫാഫ് ഡുപ്ലസിയെയാണ് ആര്‍സിബി നായകനാക്കിയത്. കഴിഞ്ഞ സീസണില്‍ ഓപ്പണിംഗിലിറങ്ങിയ വിരാട് കോലി 15 മത്സരങ്ങളില്‍ 28.92 ശരാശരിയില്‍ 405 റണ്‍സ് നേടിയിരുന്നു. എ ബി ഡിവില്ലിയേഴ്‌സ് വിരമിച്ചതിനാല്‍ കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. 

വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ നിലനിര്‍ത്തിയത്. ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ൻ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്‌റെന്‍‌ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്‌നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കി. 

IPL 2022 : ഈ സീസണിലും പഞ്ചാബ് കിംഗ്‌സിന്‍റെ കാര്യം പോക്കാ... കാരണം പറഞ്ഞ് സുനില്‍ ഗാവസ്‌കര്‍