ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജഡേജ. മാസങ്ങള്‍ക്കു മുമ്പെ ധോണി നായകസ്ഥാനം ഒഴിയുന്ന കാര്യം  എന്നോട് പറഞ്ഞിരുന്നു. അന്ന് മുതല്‍ പുതിയ ചുമതല ഏറ്റെടുക്കാനുള്ള മാനസികമായ തയാറെടുപ്പിലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ധോണി തന്‍റെ തീരുമാനം പരസ്യമാക്കിയപ്പോള്‍ എനിക്ക് യാതൊരു സമ്മര്‍ദ്ദവുമുണ്ടായില്ല.

മുംബൈ: ഐപിഎല്‍(IPL 2022) പതിനഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(CSK) നായകസ്ഥാനം ഒഴിയുകയാണെന്ന എം എസ് ധോണിയുടെ(MS Dhoni) പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചെങ്കിലും ആ തീരുമാനം ധോണി തന്നെ നേരത്തെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ(Ravindra Jadeja). ഐപിഎല്ലിനും മാസങ്ങള്‍ക്ക് മുമ്പെ ധോണി തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അന്നുമുതല്‍ പുതിയ ചുമതല ഏറ്റെടുക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും ജഡേജ പറഞ്ഞു.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജഡേജ. മാസങ്ങള്‍ക്കു മുമ്പെ ധോണി നായകസ്ഥാനം ഒഴിയുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു. അന്ന് മുതല്‍ പുതിയ ചുമതല ഏറ്റെടുക്കാനുള്ള മാനസികമായ തയാറെടുപ്പിലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ധോണി തന്‍റെ തീരുമാനം പരസ്യമാക്കിയപ്പോള്‍ എനിക്ക് യാതൊരു സമ്മര്‍ദ്ദവുമുണ്ടായില്ല. എന്‍റെ ചിന്തയില്‍ വരുന്ന കാര്യങ്ങളാണ് ഞാന്‍ ഗ്രൗണ്ടില്‍ നടപ്പാക്കുന്നത്-ജഡേജ പറഞ്ഞു.

കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ റുതുരാജ് ഗെയ്‌ക്‌വാദ് ഇതുവരെ ഫോമിലാവാത്തത് ആശങ്കപ്പെടുത്തുന്നില്ലെന്നും ജഡേജ പറഞ്ഞു. റുതുരാജിന് കുറച്ചുകൂടി സമയം നല്‍കേണ്ടതുണ്ട്. കാരണം അയാള്‍ മികച്ച കളിക്കാരനാണെന്ന് ഞങ്ങള്‍ക്കറിയാം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയുടെ പ്രകടനത്തെയും ജഡേജ പ്രശംസിച്ചു.

ദുബെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ആദ്യ മൂന്ന് കളികളില്‍ തോറ്റ് നാണക്കേടിന്‍റെ റെക്കോര്‍ഡ് പേരിലാക്കിയെങ്കിലും വരും മത്സരങ്ങളില്‍ ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കുമെന്നും ജഡേജ പറഞ്ഞു. 2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്.

ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. പന്ത്രണ്ട് സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.2012ൽ 9.8 കോടി രൂപയ്ക്ക് ചെന്നൈയിൽ എത്തിയ ജഡേജയെ ടീം ഇത്തവണത്തെ താരലേലത്തിൽ 16 കോടി രൂപയ്ക്കാണ് നിലനിർത്തിയത്.