ആർസിബിക്കെതിരെ രാജസ്ഥാന്‍ ബാറ്റിംഗ് നിര തകർന്നടിഞ്ഞ മത്സരത്തില്‍ തകർപ്പന്‍ അർധ സെഞ്ചുറിയുമായി റിയാന്‍ പരാഗ് കയ്യടി വാങ്ങി

പുനെ: റിയാന്‍ പരാഗിനെ (Riyan Parag) എന്തിന് കളിപ്പിക്കുന്നു? ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) ആദ്യ മത്സരങ്ങള്‍ കണ്ട ആരാധകരുടെ ചോദ്യമായിരുന്നു ഇത്. എന്നാല്‍ റോയല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) ആരാധകരുടെ പരാതി തീർക്കുന്ന പരാഗിനെയാണ് കാണികള്‍ കണ്ടത്. 

ആർസിബിക്കെതിരെ രാജസ്ഥാന്‍ ബാറ്റിംഗ് നിര തകർന്നടിഞ്ഞ മത്സരത്തില്‍ തകർപ്പന്‍ അർധ സെഞ്ചുറിയുമായി റിയാന്‍ പരാഗ് കയ്യടി വാങ്ങി. പിന്നാലെ നാല് ക്യാച്ചുമായി ഫീല്‍ഡിംഗിലും പരാഗ് താരമായി. ഇതോടെ ഒരു നാഴികക്കല്ലില്‍ ഇടംനേടാനും താരത്തിനായി. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു താരം അമ്പതിലധികം റണ്‍സും നാല് ക്യാച്ചുകളും നേടുന്നത്. 2011ല്‍ കൊല്‍ക്കത്ത-ഡെക്കാന്‍ മത്സരത്തില്‍ ജാക്ക് കാലിസും തൊട്ടടുത്ത വർഷം പഞ്ചാബ്-ചെന്നൈ മത്സരത്തില്‍ ആദം ഗില്‍ക്രിസ്റ്റും മാത്രമാണ് ഈ അപൂർവ നേട്ടം മുമ്പ് സ്വന്തമാക്കിയിട്ടുള്ളൂ. 

ഐപിഎല്ലില്‍ റിയാന്‍ പരാഗ് തിളങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. 29 റണ്‍സിന്‍റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ധ സെഞ്ചുറിയും നാല് ക്യാച്ചുമായി തിളങ്ങിയ റിയാന്‍ പരാഗാണ് കളിയിലെ താരം. 

പരാഗ് പരാതി തീര്‍ത്തു, അശ്വിനും കുല്‍ദീപും എറിഞ്ഞിട്ടു; ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം